Kerala

മിഷൻ അരികൊമ്പൻ; ബോധവൽക്കരണം ഇന്ന് മുതൽ

അരിക്കൊമ്പൻ ദൗത്യത്തിന്റെ പശ്ചാത്തലത്തിൽ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിലെ ജനങ്ങളെ ബോധവൽക്കരിക്കുന്ന നടപടികൾ ഇന്ന് തുടങ്ങും. വീടുകളിൽ വാർഡ് മെമ്പർമാർ നേരിട്ട് ചെന്ന് വിവരങ്ങൾ ധരിപ്പിച്ചാണ് ബോധവൽക്കരണം നടത്തുക. ദൗത്യ ദിനമായ ഞായറാഴ്ച പുറത്തിറങ്ങാതിരിക്കാൻ പരമാവധി ശ്രമിക്കണമെന്നും അരികൊമ്പനെ പിടികൂടി കൊണ്ടുപോകുന്നതുവരെ വനംവകുപ്പിന്റെയും പൊലീസിന്റെയും മറ്റു വകുപ്പുകളുടെയും പ്രവർത്തനങ്ങളോട് സഹകരിക്കണമെന്നുമാണ് ജനങ്ങളോട് അഭ്യർത്ഥിക്കുന്നത്. ശാന്തൻപാറ, ചിന്നക്കനാൽ മേഖലകളിലെ ആദിവാസി കുടികളിൽ ചെന്നാണ് ഇന്ന് ബോധവൽക്കരണം നടത്തുക. ശനിയാഴ്ച മൈക്ക് അനൗൺസ്മെന്റും നടത്തും. മലയാളം, തമിഴ് എന്നീ ഭാഷകൾക്ക് പുറമേ ഗോത്രവർഗ്ഗ ഭാഷയായ ‘കുടി’ ഭാഷയിലും അനൗൺസ്മെൻറ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

കുങ്കിയാനകൾ എത്താൻ വൈകുന്നതും ഹയർ സെക്കൻഡറി പരീക്ഷയും പരിഗണിച്ചാണ് അരികൊമ്പനെ പിടികൂടാനുള്ള തീരുമാനം ഞായറാഴ്ചയിലേക്ക് മാറ്റിയത്. ദൗത്യസംഘത്തിലെ രണ്ടാമത്തെ കുങ്കിയാന, സൂര്യൻ ചിന്നക്കനാലിൽ എത്തി. മാർച്ച് 25ന് ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 അംഗ ദൗത്യസംഘത്തെ 11 ടീമുകളാകും. അന്ന് തന്നെ കുങ്കി ആനകളെ ഉൾപ്പെടുത്തി മോക്ക് ഡ്രിൽ നടക്കും. മാർച്ച് 26ന് പുലർച്ചെ നാലുമണിക്ക് അരിക്കൊമ്പനെ കൂട്ടിലാക്കാനുള്ള ദൗത്യം തുടങ്ങും. നിലവിൽ പെരിയകനാൽ ഭാഗത്തുള്ള അരിക്കൊമ്പനെ സിമന്റ് പാലം, 301 കോളനി എന്നീ ഭാഗത്തേക്ക് എത്തിച്ച് മയക്ക് വെടിവയ്ക്കാനാകുമെന്നാണ് വനംവകുപ്പിന്റെ കണക്കുകൂട്ടൽ.