Kerala Pravasi

മരട് ഫ്ലാറ്റ് ഉടമകൾക്ക് വേൾഡ് മലയാളി കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സൂറിച്ച് : പൊളിക്കൽ ഭീഷണിയിൽ കഴിയുന്ന മരട് ഫ്ലാറ്റ് നിവാസികൾക്ക് വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഒരാൾ തന്റെ ജീവിതകാലത്തെ മുഴുവൻ അദ്ധ്വാനവും ഉപയോഗപ്പെടുത്തിയാണ് വീട് എന്ന സ്വപ്നംസാക്ഷാൽക്കരിക്കുന്നത് . കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യവും ബാങ്ക് വായ്പയും ചെലവാക്കി നിർമ്മാണം പൂർത്തികരിച്ച് ഫ്‌ളാറ്റിൽ താമസം തുടങ്ങിയവരെ പെരുവഴിയിലേക്ക് ഇറക്കി വിടുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ രേഖകളിലും ഹൈക്കോടതി വിധികളിലും വിശ്വാസമർപ്പിച്ചാണ് ആളുകൾ വസ്തു വാങ്ങുന്നത്. പണി പൂർത്തികരിച്ച് താമസം തുടങ്ങുന്നതുവരെ പണി നിറുത്തി വയ്പ്പിക്കാൻ കഴിയാതിരുന്ന നിയമവും സർക്കാരും ഇപ്പോൾ നടത്തുന്ന മനുഷ്യാവകാശ ലംഘനം അതിക്രൂരമാണ്. ആയുസ്സിന്റെ നല്ലൊരു ഭാഗം അന്യ നാട്ടിൽ ചോര നിരാക്കിയ പ്രവാസികളും ഇവിടെ ഫ്ലാറ്റുകൾ വാങ്ങിയിട്ടുണ്ട്.

മരട് ഫ്ലാറ്റുടമകൾക്ക് നീതി ഉറപ്പു വരുത്തുവാൻ സർക്കാരും നിയമപാലകരും അടിയന്തിര നടപടി സ്വികരിക്കണമെന്ന് സൂറിച്ചിൽ കൂടിയ വേൾഡ് മലയാളി കൗൺസിൽ കമ്മിറ്റി ആവശ്യപ്പെട്ടു.

പ്രസിഡന്റ് ജോഷി പന്നാരക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ ജോണി ചിറ്റക്കാട്ട് അടിയന്തിര പ്രമേയം അവതരിപ്പിച്ചു. ചെയർമാൻ – ജോബിസൺ കൊറ്റത്തിൽ
സെക്രട്ടറി – ജോഷി താഴത്തു കുന്നേൽ ടഷറർ- വിജയ് ഓലിക്കര എന്നിവരും പ്രമേയത്തെ പിന്തുണച്ച് പ്രസംഗിച്ചു.