Kerala Local

കൊല്ലം തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ആറിൽ അഞ്ചും എൽഡിഎഫിന്; ബിജെപിയുടെ സിറ്റിംഗ് വാർഡും പിടിച്ചെടുത്തു

കൊല്ലം ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന ആറ് വാർഡുകളിലേയും ഫലമറിഞ്ഞു. ആറിൽ അഞ്ചും എൽഡിഎഫ് നേടി. എൽഡിഎഫ് യുഡിഎഫിൽ നിന്നും രണ്ടും, ബിജെപിയിൽനിന്ന് ഒരും വാർഡും പിടിച്ചെടുത്തു. യുഡിഎഫ് എൽഡിഎഫിന്റെ ഒരു സിറ്റിംഗ് സീറ്റും പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ കഴുതുരുട്ടി വാർഡിൽ എൽഡിഎഫിന് വിജയം. ബിജെപിയുടെ സിറ്റിംഗ് വാർഡാണ് എൽഡിഎഫ് പിടിച്ചെടുത്തത്. എൽഡിഎഫ് സ്ഥാനാർഥി മാമ്പഴത്തറ സലിം 245 വോട്ടുകൾക്ക് വിജയിച്ചു. ബിജെപി മെമ്പർ ആയിരുന്ന മാമ്പഴത്തറ സലീം രാജിവച്ച് സിപിഐഎമ്മിൽ ചേർന്നതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, വെളിനല്ലൂർ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും. പഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർഥി വട്ടപ്പാറ നിസാറാണ് വിജയിച്ചത്. കൊല്ലം ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐയിലെ ബി. സുനിൽകുമാറാണ് വിജയിച്ചത്. യുഡിഎഫിന്റെ സിറ്റിങ് സീറ്റായിരുന്നു. ഇതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും.

കൊല്ലം വെളിയം പഞ്ചായത്തിലെ കളപ്പില വാർഡ് ഇടതുമുന്നണി നിലനിർത്തി. സിപിഐഎമ്മിലെ ശിസ സുരേഷ് വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി അനിത വിശ്വനാഥിനെ 319 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയം.

ക്ലാപ്പന പഞ്ചായത്തിലെ ക്ലാപ്പന ഈസ്റ്റ് വാർഡ് എൽഡിഎഫ് നിലനിർത്തി. ഇടത് സ്ഥാനാർഥി വി ആർ മനുരാജ് 369 വോട്ടിന് വിജയിച്ചു. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്തിൽ എൽഡിഎഫ് യുഡിഎഫ് കക്ഷിനില തുല്യമായി.

പെരിനാട് പഞ്ചായത്തിലെ നാന്തിരിക്കൽ വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർഥി ബിന്ദു മോൾ 365 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.