India Kerala

ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സാമ്പത്തികശേഷിയില്ല

എറണാകുളം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മരട് നഗരസഭ. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ഇന്ന് യോഗം ചേരും.

സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കേണ്ട അഞ്ച് ഫ്ലാറ്റുകളിലായി 350ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലക്ടറുമായി കൂടിയാലോചന നടത്തി ഇത് നടപ്പിലാക്കണമെന്നാണ് നിര്‍ദേശം. ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്ന് നഗരസഭ നേരത്തെ വ്യക്തമാക്കിയിരുന്നു. താമസക്കാരെ പുനരധിവസിപ്പിക്കുന്നതും നഗരസഭക്ക് വെല്ലുവിളിയാവും.

പൊളിച്ച് നീക്കല്‍ നടപടി ആരംഭിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ എങ്ങനെ നേരിടുമെന്നതും നഗരസഭയുടെ മുന്നിലെ വലിയ പ്രതിസന്ധിയാണ്. 20ആം തിയ്യതിയോടെ വിധി നടപ്പിലാക്കണമെന്നാണ് സുപ്രീംകോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിട്ടുള്ളത്.