India Kerala

റാഗിംഗ്; മണ്ണാര്‍ക്കാട് എം.ഇ.എസില്‍ വിദ്യാര്‍ഥിയുടെ കര്‍ണ്ണപുടം അടിച്ചുതകര്‍ത്തു

പാലക്കാട് മണ്ണാര്‍ക്കാട് എം.ഇ.എസ് കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിക്ക് നേരെ റാഗിങ്. ബിരുദ വിദ്യാര്‍ഥിയും വുഷു ദേശീയ ജേതാവുമായ മുഹമ്മദ് ദില്‍ഷാദിന്റെ കര്‍ണ്ണപുടം അടിച്ച് തകര്‍ത്തു. കോളേജിനകത്തെ ഊക്കന്‍സെന്ന പേരിലറിയപ്പെടുന്ന സീനിയേര്‍സിന്റെ ഗ്രൂപ്പാണ് ആക്രമിച്ചതെന്ന് മര്‍ദനമേറ്റ വിദ്യാര്‍ഥി പറഞ്ഞു. അക്രമികളില്‍ രണ്ട് പേരെ പൊലീസ് പിടികൂടി.

കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ട് മണിയോടെയാണ് എം.ഇ.എസ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ദില്‍ഷാദിനെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തത്. കോളേജിന് സമീപത്തെ ബസ്സ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന ദില്‍ഷാദിനെ കോളേജിലെ ഊക്കന്‍സ് എന്ന ഗ്രൂപ്പിലെ പതിനഞ്ചംഗ സംഘം വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ദില്‍ഷാദിനെ മണ്ണാര്‍ക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കര്‍ണ്ണപുടം പൊട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ദേശിയ വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിട്ടുള്ള ദില്‍ഷാദ് ശനിയാഴ്ച ഈ വര്‍ഷത്തെ സംസ്ഥാന മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് മര്‍ദ്ദനം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ ഊക്കന്‍സ് ടീമിലെ മുഹമ്മദ് ഷിജിന്‍, ഷനില്‍ എന്നിവരെ മണ്ണാര്‍ക്കാട് പോലീസ് പിടികൂടിയിട്ടുണ്ട്, ഇവര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. എം.ഇ.എസ് കോളേജില്‍ വിദ്യാര്‍ത്ഥി ഗ്യാങ്ങുകള്‍കള്‍ ഇതിന് മുമ്പും വിദ്യാത്ഥികളെ മര്‍ദ്ദിച്ചിട്ടുണ്ട്. നാല് വര്‍ഷം മുന്‍മ്പ് മര്‍ദ്ദനത്തില്‍ ഒരു വിദ്യാത്ഥിയുടെ കാഴ്ച്ച നഷ്ടപെട്ടിരുന്നു.