India Kerala

മലയാളി മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഡിജിപി ബെഹ്‌റ

മംഗളൂരുവില്‍ മലയാളി മാധ്യമപ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ പ്രതികരണവുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കര്‍ണാടകയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചു വരികയാണെന്ന് ഡിജിപി പറഞ്ഞു. കര്‍ണാടക ഡിജിപിയോടും സ്ഥിതി ചര്‍ച്ച ചെയ്യും. മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി എടുക്കുമെന്നും ഡിജിപി പറഞ്ഞു.

സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ഉള്‍പ്പടെയുള്ള പ്രമുഖ മാധ്യമങ്ങളിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെയടക്കം കസ്റ്റഡിയിലെടുത്തത്. മൊബൈല്‍ ഫോണും ക്യാമറയും അടക്കമുള്ള ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം മംഗലാപുരത്ത് ഉണ്ടായ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന വെന്‍ലോക്ക് ആശുപത്രിക്ക് സമീപം വച്ചാണ് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലെ പോലീസ് കസ്റ്റഡിയിലെടുത്തത്.