Entertainment HEAD LINES Kerala

സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളം; മമ്മൂട്ടി

സ്നേഹത്തിന്റെയും സൗഹാര്ദത്തിന്റെയും ലോകത്തിനുള്ള മാതൃകയാണ് കേരളമെന്ന് മമ്മൂട്ടി. ലോക സാഹോദര്യത്തിന്റെ വികാരമായി കേരളീയം മാറട്ടെ. ഞങ്ങളെ നോക്കി പഠിക്കൂ ഞങ്ങൾ ഒന്നാണ്, മതത്തിനും ജാതിക്കുമപ്പുറം ഞങ്ങളിൽ സ്നേഹം മാത്രം. നമ്മളെല്ലാവരും കേരളീയരാണ്, മലയാളികളാണ് കൂടുതൽ പേരും മുണ്ടുടുക്കുന്നവരാണ്. കേരളം ഒന്നായി സ്വപ്നം കണ്ടതാണ് ഇപ്പോൾ നാം കാണുന്ന കേരളം. ഞങ്ങളുടെ ആശയങ്ങളും സങ്കൽപങ്ങളും ഒന്നാണ്. ലോകത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായി കേരളം മാറട്ടെയെന്നും മമ്മൂട്ടി പറഞ്ഞു .

ആഗോള നിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ രംഗത്തിലൂടെയും കേരളം മാതൃകയായി മാറിയെന്ന് നടൻ കമൽ ഹാസൻ പറഞ്ഞു. കേരളത്തിന്റെ പുരോഗതിയും സാംസ്‌കാരിക പാരമ്പര്യവും അവതരിപ്പിക്കുന്ന കേരളീയം മേളയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം മാതൃക സൃഷ്ടിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും ഇതര സംസ്ഥാനങ്ങൾക്ക് ഇവ പിന്തുടരാമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള കേരളത്തിലെ നേതൃത്വം വെറുതെയിരിക്കാൻ തയ്യാറല്ലെന്നും അവർ പ്രയത്‌നം തുടർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരങ്ങളായ മമ്മൂട്ടി, മോഹൻ ലാൽ, ശോഭന തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ഏഴ് ദിവസങ്ങളിലായി തെരുവു വേദികൾ അടക്കം 44 ഇടങ്ങളിൽ ആണ് കേരളീയം നടക്കുന്നത്. കല-സാംസ്‌കാരിക പരിപാടികൾ, ഭക്ഷ്യ മേളകൾ, സെമിനാറുകൾ, പ്രദർശനങ്ങൾ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തിൽ സർക്കാർ ഒരുക്കിയിരിക്കുന്നത്.