Kerala

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും

കളമശ്ശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിന്റെ തിരിച്ചറിയൽ പരേഡിനുള്ള അപേക്ഷ ഇന്ന് കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ മേൽ നോട്ടത്തിലായിരിക്കും പ്രതിയെ കൊണ്ടുള്ള തിരിച്ചറിയൽ പരേഡ് നടത്തുക. (dominic martin identification parade)

അപകട സമയം കൺവെൻഷനിൽ പങ്കെടുത്തവരെ എത്തിച്ച് തിരിച്ചറിയൽ പരേഡ് നടത്തും. അതിനുശേഷം കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നവംബർ 29 വരെയാണ് മാർട്ടിന്റെ റിമാൻഡ് കാലാവധി. ഈ സമയം കൊണ്ട് കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

കളമശ്ശേരി ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ദുബായിലേക്കടക്കം നീളും. ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചോദ്യം ചെയ്യലിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തത് വിദേശത്തെന്ന് പ്രതി മൊഴി നൽകിയത്. പിന്നാലെ വിദേശത്തെ മാർട്ടിന്റെ പരിചയക്കാരിൽ നിന്നും ഇയാളുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണ സംഘം പ്രാഥമിക വിവരശേഖരണം നടത്തി. ഇതിനിടെ എൻഐഎ നടത്തിയ പ്രാഥമിക പരിശോധനയിലും കൂടുതൽ കണ്ടെത്തലുകളില്ലെന്നാണ് വിവരം.
പ്രതി മാർട്ടിൻ തന്നെയെന്ന നിഗമനത്തിലാണ് ഏജൻസി. കേസ് ഔദ്യോഗികമായി ഏറ്റെടുക്കണോയെന്ന് പിന്നീട് തീരുമാനിക്കും.

ഇതിനിടെ സ്‌ഫോടനം നടത്തിയതിന്റെ തലേദിവസം മാർട്ടിന്റെ ഫോണിലേക്ക് രാത്രിയിൽ ഒരു കോൾ വന്നതായി ഭാര്യ പൊലീസിന് മൊഴി നൽകി. ഇത് ആരെന്ന് ചോദിച്ച തന്നോട് ദേഷ്യപ്പെട്ടതായും നാളെ രാവിലെ ഒരു സ്ഥലത്ത് പോകാനുണ്ടെന്നും അത് കഴിഞ്ഞശേഷം പറയാമെന്നും പറഞ്ഞു. സ്‌ഫോടനം നടന്നതോടെയാണ് ഇക്കാര്യം താൻ വീണ്ടും ഓർത്തതെന്നും മൊഴിയിലുണ്ട്. മാർട്ടിന്റെ ഫോണിലേക്ക് വിളിച്ചത് ആരെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.