India Kerala

മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ എക്സൈസ് വകുപ്പിന്‍റെ വൻ കഞ്ചാവ് വേട്ട

മലപ്പുറം മഞ്ചേരി നെല്ലിക്കുത്തിൽ എക്സൈസ് വകുപ്പിന്‍റെ വൻ കഞ്ചാവ് വേട്ട. നെല്ലിക്കുത്ത് സ്വദേശി കോട്ടക്കുത്ത് അബ്ദുൽ സലാം എക്സൈസ് സംഘത്തിന്‍റെ പിടിയിലായി. വീട്ടിൽ സൂക്ഷിച്ച വൻ മദ്യ ശേഖരവും എക്സൈസ് സംഘം പിടിച്ചെടുത്തു. വീട്ടിൽ സൂക്ഷിച്ച 8 കിലോയിലധികം കഞ്ചാവും 108 കുപ്പി മാഹി മദ്യവുമാണ് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ എക്സൈസ് സംഘം പിടികൂടിയത്. മഞ്ചേരി നെല്ലിക്കുത്ത് മില്ലുംപടിയിൽ കോട്ടക്കുത്ത് അബ്ദുൽ സലാം ആണ് പിടിയിലായത്.

കഞ്ചാവിന്‍റെയും മദ്യത്തിന്‍റെയും വൻ ശേഖരം സൂക്ഷിച്ച വീട് വളഞ്ഞ് എക്സൈസ് സംഘം പരിശോധന നടത്തുമ്പോൾ ഇയാൾ ചില്ലറ വില്പനക്കായുള്ള കഞ്ചാവ് പൊതികൾ കിടപ്പുമുറിയിൽ തയ്യാറാക്കുയായിരുന്നു. തുടർന്ന് വീട് വിശദമായി പരിശോധിച്ചപ്പോഴാണ് കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ മാഹി മദ്യത്തിന്‍റെ വൻ ശേഖരവും കണ്ടെത്തിയത്. കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും നൂറുകണക്കിന് പോളിത്തീൻ കവറും കണ്ടെടുത്തു.

കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ സഹായികളെ ഉപയോഗിച്ച് ഇയാൾ കഞ്ചാവിന്‍റെ ചില്ലറ വിൽപ്പന നടത്തിയിരുന്നതായി അധികൃതർക്ക് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഏറെക്കാലത്തെ നിരീക്ഷണത്തിന് ശേഷമാണ് ഇയാളെ പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ച് നൽകുന്ന സംഘത്തെ പറ്റി വിവരം ലഭിച്ചതായി അധികൃതർക്ക് പറഞ്ഞു.