Kerala

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തിൽ അഗ്നിപഥ് പദ്ധതി ചർച്ചയായേക്കും

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓൺലൈനായാണ് കമ്മിറ്റി ചേരുക. പൊളിറ്റ്ബ്യൂറോ യോഗത്തിന് ശേഷമുള്ള ആദ്യ കേന്ദ്ര കമ്മിറ്റിയാണ് ഇന്ന് നടക്കുന്നത്. അഗ്നിപഥ്, രാഷ്ട്രപതി തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും. വലിയ പ്രതിഷേധത്തിനിടയിലും കേന്ദ്ര സർക്കാർ അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ വിഷയത്തെ ഏത് രീതിയിൽ സമീപിക്കണമെന്ന് കേന്ദ്ര കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്തേക്കും.

അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിപക്ഷ യുവജന വിദ്യാർത്ഥി സംഘടനകൾ പ്രഖ്യാപിച്ച ബന്ദ് ഇന്നാണ്. ബിഹാർ അടക്കം സംഘർഷം പടർന്ന സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 15 ട്രെയിനുകൾക്കാണ് തീയിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 2 പേര് മരിച്ചു.

അഗ്‌നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കൂടി പടരുമ്പോൾ അതീവ ജാഗ്രതയിലാണ് സർക്കാരുകൾ.
കഴിഞ്ഞദിവസം നടന്ന പ്രതിഷേധങ്ങളിൽ ബീഹാറിൽ പതിനൊന്നും, തെലുങ്കാനയിൽ മൂന്നും, ഉത്തർപ്രദേശിൽ ഒന്നും അടക്കം 15 ട്രെയിനുകളാണ് പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കിയത്. ഹരിയാനയിൽ ദേശീയപാതയിൽ വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് പലതവണ വെടിയുതിർത്തു.