India Kerala

മകരവിളക്ക്: ദുരന്തനിവാരണ മുൻകരുതൽ സംവിധാനങ്ങൾക്ക് രൂപമായി

മകരവിളക്കിനോടനുബന്ധിച്ച് ഏർപ്പെടുത്തേണ്ട ദുരന്തനിവാരണ മുൻകരുതൽ സംവിധാനങ്ങൾക്ക് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനമായി. മകരവിളക്ക് ദർശിക്കാനായി തീർത്ഥാടകർ ധാരാളമായി എത്തുന്ന പമ്പാ ഹിൽ ടോപ്പിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തും.

തിരുവാഭരണ ഘോഷയാത്രയും മകരവിളക്കിന് മുന്നോടിയായുള്ള ക്രമീകരണങ്ങളും വിലയിരുത്തുന്നതിനായാണ് ജില്ലാ കളക്ടർ പി.ബി നൂഹ് അവലോകന യോഗം വിളിച്ച് ചേർത്തത്. വനം വകുപ്പ്, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ് തുടങ്ങിയ വകുപ്പ് മേധാവികൾ യോഗത്തിൽ പങ്കെടുത്തു. മകരവിളക്ക് ദർശിക്കുന്നതിനായി തീർത്ഥാടകർ ഒത്തുകൂടുന്ന വിവിധ പോയിന്റുകളിൽ വേണ്ട സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കും. ജില്ലാ ദുരന്തനിവാരണ വിഭാഗം നേരത്തെ തന്നെ സ്ഥല പരിശോധന നടത്തി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ആംബുലൻസ്, പ്രഥമ ശുശ്രൂഷ എന്നിവക്ക് പുറമേ സ്ട്രച്ചർ സേവനവും വ്യൂ പോയിന്റുകളിൽ ഉണ്ടാവും. പമ്പ ഹിൽ ടോപ്പിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പുള്ളതിനാൽ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന നടത്തും.

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട പ്ലാസ്റ്റിക് ഉപയോഗം പൂർണമായും ഒഴിവാക്കും. ശബരിമല സാനിട്ടേറ്റഷൻ സൊസൈറ്റിയുടെ പ്രവർത്തനം ജനുവരി 22 വരെ ഏർപ്പെടുത്തും. നിലക്കലിൽ 800 വാഹനങ്ങൾക്ക് കൂടി പാർക്കിംഗ് സൗകര്യം ഒരുക്കും. ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവർത്തനം ശക്തമാക്കുന്നതിനായി നിലക്കൽ, പമ്പ, സന്നിധാനം എന്നിവടങ്ങളിൽ ഡെപ്യൂട്ടി കലക്ടർമാരുടെ നേതൃത്വത്തിൽ എമർജൻസി ഓപ്പറേഷൻ സെന്ററുകൾ ഉണ്ടാവും.