Kerala

അമ്മയുടെ കയ്യിലിരുന്ന 10 മാസം പ്രായമായ കുഞ്ഞിന് നേരെ ലൈം​ഗികാതിക്രമം നടത്തിയ ലോട്ടറി വിൽപനക്കാരൻ അറസ്റ്റിൽ

മാങ്കാവിൽ പത്തുമാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടത്തിയ ലോട്ടറി വിൽപ്പനക്കാരൻ അറസ്റ്റിൽ. ആന്ധ്രപ്രദേശ് സ്വദേശി ശശിധരനാണ് കസബ പൊലീസിൻറെ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു

ഇന്നലെ രാവിലെയാണ് കേസിനാസ്പദമായ സംഭവം. എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ കുടുംബം എത്തിയപ്പോഴായിരുന്നു അതിക്രമം. കുട്ടിയുടെ പിതാവ് എടിഎമ്മിനുള്ളിലേക്ക് കയറിയ സമയം അമ്മയുടെ കയ്യിലിരുന്ന കുഞ്ഞിന് നേരെ ശശിധരൻ ലൈംഗിക അതിക്രമം നടത്തിയെന്നാണ് പരാതി. ഇയാളുടെ ശല്യം സഹിക്കാതായതോടെ മാതാവ് പ്രതിയെ മർദ്ദിച്ചു. തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

കസബ പോലീസ് എത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ തെറ്റ് സമ്മതിച്ചു. ഇതോടെയാണ് പോലീസ് പോക്സോ ചുമത്തി കേസെടുത്തത്. വൈദ്യപരിശോധനക്ക് ശേഷം എഴുപത്തിയാറുകാരനായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.