Kerala

കുവൈത്ത് മനുഷ്യകടത്ത്; പരാതി നൽകാത്ത യുവതികൾക്കും പണം വാഗ്ദാനം ചെയ്തു; നീക്കം കൂടുതൽ കേസുകൾ വരാതിരിക്കാൻ

കുവൈത്ത് മനുഷ്യകടത്തിൽ ഇരകളെ സ്വാധിനിക്കാൻ ശ്രമം. പരാതി നൽകാത്ത യുവതികളെ ഫോണിൽ ബന്ധപ്പെട്ടാണ് പണം വാഗ്ദാനം ചെയ്തത്. പ്രധാന പ്രതിക്കെതിരെ കൂടുതൽ കേസുകൾ വരാതിരിക്കാനാണ് ശ്രമമെന്നാണ് ഇരകളുടെ ആരോപണം.

കുവൈത്തിലെ മനുഷ്യകടത്ത് സംഘത്തിൽ നിന്നും രക്ഷപ്പെട്ട തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ ഫോണിലേക്കാണ് പണം വാഗ്ദാനം ചെയ്ത് കോളുകൾ വന്നത്. കേസിലെ പ്രധാന പ്രതിയായ കണ്ണൂർ സ്വദേശി മജീദ് പാവമാണെന്നും പരാതി നൽകരുതെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. പ്രതിഫലമായി ജോലി ചെയ്ത് ലഭിക്കാനുള്ള രണ്ട് മാസത്തെ പണം നൽകാമെന്നും വാഗ്ദാനം ചെയ്തു.

നാട്ടിൽ മടങ്ങിയെത്തിയ യുവതികൾ ദുരനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചിരുന്നു. എന്നാൽ പരാതി നൽകാൻ കൊല്ലം , തിരുവനന്തപുരം സ്വദേശികൾ തയ്യാറായിരുന്നില്ല. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ മജീദാണെന്നാണ് യുവതികൾ പറയുന്നത്. പരാതി കൊടുത്തവരുടെ പേരുവിവരങ്ങളും ഫോണിൽ വിളിച്ച യുവതി തേടിയതായും ഇരകൾ പറയുന്നു.

അതേസമയം മജീദിനെ പിടികൂടുന്നത് വരെ നിയമ പോരാട്ടങ്ങളുമായി മുന്നോട്ട് പോകുമെന്ന് പരാതി നൽകിയ കൊച്ചി സ്വദേശിനികൾ വ്യക്തമാക്കി.