Kerala

ഇന്ധനവില; കോൺ​ഗ്രസ് സമരം ശക്തമാക്കും; കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന്

ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഒരുങ്ങി കോൺഗ്രസ്. സമരത്തിന്‍റെ അടുത്തഘട്ടം ആലോചിക്കാൻ കെപിസിസി അടിയന്തര ഭാരവാഹി യോഗം ഇന്ന് ചേരും. നടൻ ജോജുവിന്‍റെ കാർ ആക്രമിച്ച കേസിൽ കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിന് ശേഷം ചേരുന്ന ഭാരവാഹി യോഗത്തിൽ ഇക്കാര്യത്തിൽ എന്ത് നിലപാട് എടുക്കണമെന്നും ചർച്ച ചെയ്യും.

ചക്ര സ്തംഭന സമരത്തിൽ പങ്കെടുക്കാത്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍റെ നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരന് അതൃപ്തിയുണ്ട്. റോഡുപരോധിച്ചുള്ള സമരത്തെ സതീശൻ എതിർക്കുന്നുണ്ട്. എന്നാൽ തെരുവിൽ സമരം ശക്തമാക്കാൻ തന്നെയാണ് സുധാകരന്‍റെ തീരുമാനം.

അതേസമയം നടന്‍ ജോജു ജോര്‍ജും കോണ്‍ഗ്രസും തമ്മിലുള്ള ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്. എറണാകുളം ജില്ലയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിനിമ ഷൂട്ടിങ്ങുകള്‍ തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഷൂട്ടിങ് സെറ്റുകളിലെ ലഹരി ഉപയോഗത്തിനെതിരെയും പ്രക്ഷോഭം ശക്തമാക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.

കാർ ആക്രമിച്ച കേസിൽ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മിണി അടക്കമുളള പ്രതികൾ ഇന്ന് ജാമ്യാപേക്ഷ സമ‍ർപ്പിക്കും. കോടതി റിമാൻഡ‍് ചെയ്ത നാലു പ്രതികളേയും കാക്കനാട് ബോസ്റ്റൽ സ്കൂളിലാണ് പാർപ്പിച്ചിരിക്കുന്നത്.