Kerala

വിജയം പ്രതീക്ഷിച്ച് തോൽവി നേടിയതിന്‍റെ കാരണങ്ങൾ തേടി കെ.പി.സി.സി ജനറൽ യോഗം ഇന്ന്

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്തുന്നതിനുള്ള കെ.പി.സി.സി തുടർയോഗങ്ങൾ ഇന്നു മുതൽ. ജില്ലകളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിമാരിൽ നിന്നും തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള റിപ്പോർട്ട് കെ.പി.സി.സി തേടും. വൈകിട്ട് യു.ഡി.എഫ് ഉന്നതാധികാര യോഗവും ചേരുന്നുണ്ട്.

വിജയം പ്രതീക്ഷിച്ച് തോൽവി നേടിയതിന്‍റെ കാരണങ്ങൾ തേടിയുള്ള രണ്ടാം യോഗമാണ് ഇന്ന് സംസ്ഥാന കോൺഗ്രസ് ആസ്ഥാനത്ത് ചേരുന്നത്. ജില്ലകളിൽ സംഘടനാ തലത്തിലുണ്ടായ വീഴ്ചകൾ, സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകൾ , പ്രചാരണ പ്രവർത്തനങ്ങളുടെ അഭാവങ്ങൾ തുടങ്ങി അതാത് ജില്ലകളിൽ എന്തു സംഭവിച്ചുവെന്ന് ജില്ലകളുടെ ചുമലയുള്ള ജനറൽ സെക്രട്ടറിമാർ വിശദീകരിക്കും. ഓരോ മണ്ഡലങ്ങളിലും സംഭവിച്ച വീഴ്ചകൾ റിപ്പോർട്ടിലുണ്ടാവണമെന്നാണ് കെ.പി.സി.സി നിർദ്ദേശം. തെരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി നൽകിയ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് പ്രത്യേകം പരിശോധിക്കാനുമാണ് തീരുമാനം. തിരുവനന്തപുരത്തെയും കൊല്ലത്തെയും പരാജയം വിശദമായി യോഗം ചർച്ച ചെയ്തേക്കും.

തോൽവിക്കു ശേഷമുള്ള ആദ്യ യുഡിഎഫ് യോഗമാണ് ഇന്ന് ചേരുന്നത്. തോൽവിയുടെ പഴി കോൺഗ്രസിനുമേൽ ചാർത്തി മുസ്‍ലിം ലീഗും ആർ.എസ്.പിയും പരസ്യമായി രംഗത്ത് വന്നിരുന്നു. ഇക്കാര്യങ്ങൾ ഇന്നത്തെ യു.ഡി.എഫ് യോഗത്തിലും ഉയരും ഒരു പക്ഷേ കൂടുതൽ കക്ഷികൾ ഇതാവർത്തിക്കുകയും ചെയ്തേക്കാം. കോൺഗ്രസ് ഇപ്പോൾ സംഘടനാ തലത്തിൽ എടുത്ത തീരുമാനങ്ങൾ യോഗത്തിൽ വിശദീകരിക്കും. കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടു പോയതിലൂടെയുണ്ടായ നഷ്ടത്തെ ക്കുറിച്ച് യോഗത്തിൽ ചർച്ചയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പ്രശ്നങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനുള്ള തന്ത്രങ്ങളാവും ഇന്നത്തെ യോഗത്തിൽ ആവിഷ്കരിക്കുക.