Kerala

കൊട്ടാരക്കരയിലെ അധികമാർക്കും അറിയാത്ത ഒരു ടൂറിസ്റ്റ് കേന്ദ്രം; അടുത്ത യാത്ര ഇവിടേക്കാകട്ടെ

ടൂറിസം സാധ്യത മുന്നിൽകണ്ട് ഒരുക്കിയിട്ടുള്ള വിവിധയിടങ്ങൾ കേരളത്തിലെമ്പാടും ഉണ്ട്. അത്തരമൊരു സ്ഥലമാണ് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ മീൻ പിടിപ്പാറ. എന്തുകൊണ്ടാണ് മീൻപിടിപ്പാറ വ്യത്യസ്തമാകുന്നത് എന്ന് കാണാം.

ഗ്രാമപ്രദേശങ്ങളിലും ചെറുപട്ടണങ്ങളിലുമെല്ലാം വൈകുന്നേരം ഒന്ന് പോയി കാറ്റു കൊണ്ടും, സൊറ പറഞ്ഞുമിരിക്കാൻ ഒരു സ്ഥലം അത്യാവശ്യമാണ്. അതില്ലാത്ത പ്രദേശങ്ങളിലുള്ളവർക്ക് ഒരു പ്രയാസം തന്നെയായിരിക്കും. പക്ഷേ ഏതു ചെറു പട്ടണത്തിലും വിചാരിച്ചാൽ ഒരു ടൂറിസം കേന്ദ്രം സാധ്യമാകുമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മീൻപിടിപ്പാറ.

എന്തുകൊണ്ടെന്നാൽ മീൻ പിടിപ്പാറ കുറച്ചു പാറയും പുലമൺ തോടൊഴുകുന്ന ഇടവും മാത്രമായിരുന്നു. ഏറ്റവും ദീർഘവീക്ഷണത്തോടെ ഇന്നവിടെ മനോഹരമായ ഒരു ടൂറിസം കേന്ദ്രമായി മാറിയിരിക്കുന്നു. സുരക്ഷിതമായി കുളിക്കാനും ആർത്തുല്ലസിച്ച് കളിക്കാനും എല്ലാത്തിനും ഉള്ള അവസരം ഇവിടെ ക്രമീകരിച്ചു. തോടിന്റെ കളകളാരവം കേട്ട്, കാറ്റേറ്റ് വൈകുന്നേരങ്ങൾ ചിലവഴിക്കാനും പറ്റിയ സ്ഥലമായി ഇവിടെ മാറ്റിയിട്ടുണ്ട്.

ഡിറ്റിപിസിയാണ് മീൻ പിടിപ്പാറ മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കിയത്. കൊട്ടാരക്കര നഗരസഭയുടെ പൂർണ്ണ പിന്തുണയിൽ, നല്ല വൃത്തിയോടെ ഇവിടെ പരിപാലിക്കുന്നുമുണ്ട്.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിന്റെ പിൻഭാഗത്തായാണ് മീൻ പിടിപ്പാറ. കുറ്റിക്കാടുകളും ഔഷധ ചെടികളും ഇരുകരകളിലും വളർന്നുനിൽക്കുന്ന മീൻ പിടിപ്പാറയിലെ വെള്ളത്തിന് ഔഷധഗുണമുണ്ടെന്ന് പറയുന്നവരുമുണ്ട്.

ബോട്ടിംഗ് ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും ഉടൻ ഇവടേക്കെത്തും. ശൂന്യതയിൽ നിന്നും വിസ്മയം സൃഷ്ടിക്കാമെന്ന്, ഒരു ചെറുതോട് കൊണ്ടും ടൂറിസം സാധ്യത വികസിപ്പിച്ചെടുക്കാം എന്ന് മീൻ പിടിപ്പാറ സാക്ഷ്യപ്പെടുത്തുന്നു.