India Kerala

തുലാഭാരം പൊട്ടി വീണ് പരിക്കേറ്റ സംഭവം ; അന്വേഷണം വേണമെന്ന് തരൂര്‍

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ ശശി തരൂര്‍ ആശുപത്രി വിട്ടു. ത്രാസ് പൊട്ടി തലയില്‍ വീണ് എട്ട് സ്റ്റിച്ചുകളോടെയാണ് തരൂര്‍ ആശുപത്രി വിടുന്നത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് തരൂര്‍ ആവശ്യപ്പെട്ടു. എങ്ങനെയാണ് ഇങ്ങനെയൊരു അപകടം ഉണ്ടായതെന്ന് അറിയില്ല. അതിനാല്‍ അന്വേഷണം വേണം. ഡിസിസി പ്രസിഡന്റ് പൊലീസിന് കത്തെഴുതിയിട്ടുണ്ട് ,തരൂര്‍ വ്യക്തമാക്കി.

‘പലരും ഈ സംഭവത്തെച്ചൊല്ലി അസ്വസ്ഥരായി. എണ്‍പത്തി മൂന്ന് വയസ്സുള്ള എന്റെ അമ്മ പറഞ്ഞത്, ജീവിതത്തില്‍ ഇതുവരെ തുലാഭാരം പൊട്ടി വീഴുന്നതിനെക്കുറിച്ച്‌ കേട്ടിട്ടില്ലെന്നാണ്. ഇതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കുന്നതാണ് നല്ലതാണ്. എനിക്കല്ലെങ്കില്‍ നാളെ വേറെ ഒരാള്‍ക്ക് ഇങ്ങനെയൊരു അപകടം ഉണ്ടാകരുതല്ലോ’, തരൂര്‍ പറഞ്ഞു.