HEAD LINES Kerala

പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാന വ്യാപകമായി ഇന്ന് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. തൃശ്ശൂർ കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് വിവാദത്തിൽ പ്രതിഷേധിച്ച് കെഎസ്‌യുവിൻ്റെ നടത്തിയ മാർച്ചിലെ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് സമരം സംഘടിപ്പിക്കുന്നത്. (kerala varma ksu bandh)

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിൻ്റെ ഔദ്യോഗിക വസതിയിലേക്ക് ഇന്നലെ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. സമരത്തിൽ പങ്കെടുത്ത നേതാക്കൾക്കെതിരെ ഗുരുതര വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയം ഔദ്യോഗികമായി പ്രതിപക്ഷം ഏറ്റെടുക്കാനിരിക്കെയാണ് കെഎസ്‌യുവിൻ്റെ വിദ്യാഭ്യാസ ബന്ദ്. സംസ്ഥാന വ്യാപകമായി വരും ദിവസങ്ങളിലും കൂടുതൽ സമര പരിപാടികളിലേക്ക് കടക്കാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം.

മന്ത്രി ആർ ബിന്ദുവിന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ കെഎസ്.യു പ്രവർത്തകർക്കെതിരെ ഗുരുതര വകുപ്പുകളാണ്ചുമത്തി കന്റോൺമെന്റ് പൊലീസ് ചുമത്തിയത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളത്. കണ്ടാലറിയുന്ന നൂറുപേർക്ക് എതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്ഐആറിലെ ആദ്യ 4 പേരെ റിമാൻഡ് ചെയ്തു. ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി എന്നിവർ ഉൾപ്പെടെയാണ് അറസ്റ്റിലായത്.

മന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയ പ്രവർത്തകർ പൊലീസ് വാഹനത്തിന്റെ താക്കോൽ ഉൾപ്പെടെ നശിപ്പിച്ചു എന്നാണ് എഫ്ഐആറിലുള്ളത്. എഫ്ഐആറിന്റെ പകർപ്പ് 24 ന് ലഭിച്ചു. ‌വഴിയോരത്ത് സ്ഥാപിച്ച ഫ്ലക്സുകൾ തകർത്തു, പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി, പൊലീസുകാരന്റെ യൂണിഫോം വലിച്ചുകീറി തുടങ്ങി ജാമ്യമില്ലാ വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്ത് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് തൃശ്ശൂർ കോർപ്പറേഷനു മുന്നിലെ എമ്മോ റോഡ് ഉപരോധിക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്‌യു പ്രവർത്തകരും പൊലീസും തമ്മിൽ വീണ്ടും സംഘർഷമുണ്ടായി. കോർപ്പറേഷനു മുന്നിൽ സ്ഥാപിച്ചിരുന്ന നോ പാർക്കിംഗ് ബോർഡുകൾ കെഎസ്‌യു പ്രവർത്തകർ തകർത്തു.

കോഴിക്കോട് നഗരത്തിലും കെ.എസ്.യു പ്രതിഷേധ പ്രകടനം നടത്തി. കമ്മീഷ്ണർ ഓഫീസിന് സമീപം പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാനാഞ്ചിറ റോഡും കെഎസ്‌യു പ്രവർത്തകർ ഉപരോധിച്ചു.