Kerala

വിവാദ വിഷയങ്ങള്‍ ഇന്നും സഭയിലെത്തും; അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ പ്രതിപക്ഷം

വിവാദ വിഷയങ്ങള്‍ ഇന്നും സഭയില്‍ ഉയര്‍ത്താന്‍ നീക്കവുമായി പ്രതിപക്ഷം. വിവാദ വിഷയങ്ങള്‍ ചോദ്യങ്ങളായും ശ്രദ്ധ ക്ഷണിക്കലായും നിയമസഭയില്‍ ഇന്നും ഉയര്‍ത്താനാണ് പ്രതിപക്ഷം ആലോചിക്കുന്നത്. അടിയന്തര പ്രമേയ നോട്ടീസ് നല്‍കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ലെന്ന ശക്തമായ വിമര്‍ശനം പ്രതിപക്ഷത്തിനുണ്ട്. ഇന്ന് ഏത് വിഷയത്തിലാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കേണ്ടതെന്ന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഉടന്‍ തീരുമാനിക്കും. (kerala assembly today opposition plans to give urgent motion notice)

വിവാദ വിഷയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ ദിവസവും പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു .ഈ മാസം എട്ടിന് നിയമസഭ സമ്മേളിക്കില്ല. അന്നത്തെ ധനാഭ്യര്‍ഥനകള്‍ ഈ മാസം 21, 22 തീയതികളിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍ ഇന്ന് സഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം നീക്കം നടത്തുകയാണ്. ഷുഹൈബ് വധം പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിട്ടാണെന്ന് ആകാശ് തില്ലങ്കേരി വെളിപ്പെടുത്തിയിരുന്നു. ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.