Kerala

കായംകുളം താലൂക്ക് ആശുപത്രിയിൽ മധ്യവയസ്‌കന്റെ ആക്രമണം; രണ്ട് പേർക്ക് ഗുരുതര പരുക്ക്

കായംകുളം താലൂക്ക് ആശുപത്രിയിൽ മധ്യവയസ്‌കന്റെ ആക്രമണം. സംഭവത്തിൽ പൊലീസ് എയ്ഡ് പോസ്റ്റിലെ ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ഉദ്യോഗസ്ഥരേ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ കാപ്പിൽ സ്വദേശി ദേവരാജനാണ് അക്രമം നടത്തിയത്. സെക്യൂരിറ്റി ജീവനക്കാരൻ മധു, ഹോം ഗാർഡ് വിക്രമൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും കത്രിക കൊണ്ട് കുത്തുകയായായിരുന്നു. അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ പൊലീസുകാരായ ശിവകുമാർ, ശിവൻ എന്നിവർക്കും സാരമായി പരിക്കേറ്റു.

ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർ ആയിരുന്ന ഡോക്ടർ ഷാഹിനയാണ് മധ്യവയസ്‌കനെ ചികിത്സിച്ചു വന്നത്. ആ സമയത്താണ് ഇയാൾ പെട്ടെന്ന് ഒരു പ്രകോപനവും കൂടാതെ നഴ്‌സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറുകയും അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തത്. ഈ സമയത്താണ് സെക്യൂരിറ്റി ജീവനക്കാരും ഹോം ഗാർഡും നേഴ്‌സിംഗ് റൂമിനകത്തേക്ക് കയറി ഇയാളെ പുറത്തേക്ക് എത്തിക്കാനുള്ള ശ്രമം നടത്തിയത്. പക്ഷേ ഇതിനിടയിൽ സെക്യൂരിറ്റി ജീവനക്കാരനായിട്ടുള്ള മധുവിനും ഹോം ഗാർഡ് വിക്രമനും കുത്തേൽക്കുകയായിരുന്നു.

മധുവിൻറെ കൈക്കാണ് കുത്തേറ്റത്. വിക്രമിൻറെ വയറ്റിലാണ് കുത്തിയത്. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടോയെന്നും അറിയില്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.