Kerala

കാസർഗോഡ് ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് 450 ലേറെ പോക്‌സോ കേസുകൾ

കാസർഗോഡ് ജില്ലയിൽ വിചാരണയും, വിധിയും കാത്തിരിക്കുന്നത് നാന്നൂറ്റി അമ്പതിലധികം പോക്‌സോ കേസുകൾ. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ കേസുകളിൽ ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കി വിധി നൽകണമെന്ന നിയമം നിലനിൽക്കെയാണ് ഈ ദുരവസ്ഥ. 

2016 മുതലുള്ള 455 കേസുകളാണ് ജില്ലയിൽ ഇപ്പോഴും നീതി കാത്തിരിക്കുന്നത്. കാസർഗോട്ടെ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി, കാഞ്ഞങ്ങാട് അതിവേഗ കോടതി എന്നിവയാണ് പോക്‌സോ കേസുകൾ പരിഗണിക്കുന്നതിനായി ജില്ലയിലുണ്ടായിരുന്നത്. കാസർഗോഡ് കോടതിയിൽ 306 ഉം കാഞ്ഞങ്ങാട് അതിവേഗ കോടതിയിൽ 149 കേസുകളുമാണ് വിചാരണയും, വിധിയും കാത്തിരിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച്ച, ജഡ്ജിമാരുടെ അടിക്കിടെയുള്ള സ്ഥലമാറ്റം, കുടുംബത്തിലുള്ള സമ്മർദ്ദം, കൊവിഡ് പ്രതിസന്ധി ഉൾപ്പടെ പല കാരണങ്ങളാലാണ് ജില്ലയിലെ കേസുകളിലെ വിചാരണ അനിശ്ചിതമായി നീളുന്നത്. പ്രതിസന്ധി കണക്കിലെടുത്ത് കാസർഗോട്ട് ഈ വർഷം ഒക്ടോബറിൽ പ്രത്യേക പോക്‌സോ കോടതി കൂടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ നിലവിലുള്ള കേസുകളിൽ വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.