India Kerala

കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി

പോക്സോ കേസിൽ ആരോപണ വിധേയനായ കണ്ണൂര്‍ ശിശുക്ഷേമ സമിതി (സി.ഡബ്ല്യു.സി) അധ്യക്ഷൻ ഇ.ഡി ജോസഫിനെ ചുമതലകളില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് സാമൂഹ്യനീതി വകുപ്പ് ഉത്തരവിട്ടു. അന്വേഷണം അവസാനിക്കുന്നതുവരെ ചെയര്‍പേഴ്‌സണ്‍, സി.ഡബ്ല്യു.സി. മെമ്പര്‍ എന്നീ ചുമതലകളില്‍ നിന്നുമാണ് ഒഴിവാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ തലശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കൗൺസിലിംഗിനിടെ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് കേസ്. പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്. ഒക്ടോബർ 21നാണ് സംഭവമുണ്ടായത്. പോക്സോ കേസിൽ ഇരയായ പെൺകുട്ടിയെ കൗൺസിലിംഗിനായി തലശേരി എരഞ്ഞോളിയിലെ ശിശുക്ഷേമ സമിതിയുടെ ഓഫിസിലെത്തിച്ചതായിരുന്നു. കൗൺസിലിംഗിനിടെ പ്രതി പെൺകുട്ടിയുടെ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. രഹസ്യമൊഴി നൽകുന്നതിനിടെ പെൺകുട്ടി ഇക്കാര്യം മജിസ്ട്രേറ്റിനെ അറിയിച്ചു. തുടർന്ന് കോടതിയുടെ നിർദേശ പ്രകാരമാണ് പൊലീസ് ഇ.ഡി ജോസഫിനെതിരെ കേസെടുത്തത്. എന്നാൽ പരാതി അടിസ്ഥാനരഹിതമാണെന്നും വനിതാ കൗൺസിലറുടെ സാന്നിധ്യത്തിലാണ് പെൺകുട്ടിയോട് സംസാരിച്ചതെന്നും ഇ.ഡി ജോസഫ് പറഞ്ഞു.