Kerala

കടുവ ആക്രമിച്ച കർഷകന് ചികിത്സ വൈകി എന്ന ആരോപണം തെറ്റ്; മതിയായ ചികിത്സ നൽകി, മരണകാരണം അമിത രക്തസ്രാവം: ആരോഗ്യമന്ത്രി

വയനാട്ടിൽ കർഷകന് ചികിത്സ വൈകി എന്ന ആരോപണം തള്ളി മന്ത്രി വീണാ ജോർജ്. കർഷകനെ അതീവ രക്ത സ്രാവത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. മതിയായ ചികിത്സകൾ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ മാറ്റുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വ്യകത്മാക്കി.

വീഴ്ച വന്നു എന്ന കുടുംബത്തിന്റെ വാദവും ആരോഗ്യമന്ത്രി തള്ളി. 108 ആംബുലൻസിലാണ് തോമസിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയത്. 108 ആംബുലൻസിൽ പരിശീലനം ലഭിച്ച നഴ്സിന്‍റെ സേവനം ലഭ്യമായിരുന്നുവെന്നും മരണ കാരണം അമിത രക്തസ്രാവം ആണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൂടാതെ ആര്യങ്കാവിലെ പാൽ പരിശോധന വൈകിയെന്ന വാദം തെറ്റാണെന്നും, മന്ത്രി ചിഞ്ചു റാണിയെ തള്ളി ആരോഗ്യമന്ത്രി വീണാ ജോർജ്. പാൽ കൃത്യമായി പരിശോധിച്ചിരുന്നു. പാൽ പിടിച്ചത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഡയറക്ടറുടെ റിപ്പോർട്ട് ലഭിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ വകുപ്പിന് കാലതാമസം ഉണ്ടായിട്ടില്ല. ഇരു വകുപ്പുകളിലെയും റിപ്പോർട്ടുകൾ ആവശ്യമുള്ളവർക്ക് താരതമ്യം ചെയ്യാം. വകുപ്പുകൾ തമ്മിൽ ഏറ്റുമുട്ടലുകളില്ല. പ്രവർത്തനം വകുപ്പുകൾ തമ്മിൽ സഹകരിച്ചാണ്.

അതേസമയം കൊല്ലം ആര്യങ്കാവിൽ മായം കലർത്തിയ പാൽ പിടികൂടിയ സംഭവത്തില്‍ പാൽ സൂക്ഷിച്ചിരുന്ന ടാങ്കർ പൊട്ടിത്തെറിച്ചു. ടാങ്കറിന്റെ ആദ്യത്തെ കമ്പാർട്ട്‌മെന്റാണ് പൊട്ടിത്തെറിച്ചത്. കമ്പാർട്ട്മെന്റിൽ പ്രഷർ നിറഞ്ഞതാണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. കഴിഞ്ഞ 6 ദിവസമായി 15300 ലിറ്റർ പാലുമായി വന്ന ടാങ്കർലോറി തെന്മല സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.