Kerala

കളമശ്ശേരി മെഡിക്കൽ കോളേജില്‍ വെച്ച് ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന വാദം പൊളിയുന്നു

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സയിലിരിക്കെ ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലം എന്ന ആശുപത്രി അധികൃതരുടെ വാദം പൊളിയുന്നു. മരണ കാരണം ഹൃദയാഘാതം അല്ല എന്ന മരണ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. ചികിത്സാപിഴവ് ഉണ്ടായെന്ന പരാതിയില്‍ പൊലീസ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവരുടെ മൊഴി എടുക്കുകയാണ്.

കൊവിഡ് ചികിത്സക്കിടെ ഫോർട്ട് കൊച്ചി സ്വദേശി ഹാരിസ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം പൊളിക്കുന്നതാണ് പുറത്ത് വന്ന മരണ റിപ്പോർട്ട്. കൊവിഡ് ന്യുമോണിയയും അമിത രക്തസമ്മർദ്ദം, പ്രമേഹം, സ്ലീപ് അപ്നിയ തുടങ്ങിയവ ഗുരുതരമായതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടിലുള്ളത്.

ഹാരിസിന്‍റെ മരണം ഓക്സിജന്‍ ട്യൂബ് മാറിയതുകൊണ്ടല്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും നോഡല്‍ ഓഫിസര്‍ ഫത്താഹുദീനും മെഡിക്കൽ കോളേജ് പ്രിൻസിപ്പലും കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു.

അതേ സമയം, കളമശ്ശേരി സിഐയുടെ നേതൃത്വത്തിൽ മെഡിക്കൽ കോളജിൽ എത്തി സൂപ്രണ്ട്, ആർഎംഒ ഡോക്ടർമാർ തുടങ്ങിയവരുടെ മൊഴി എടുക്കുകയാണ്. കളമശേരി പൊലീസ് സ്റ്റേഷനിൽ വെച്ച് ഡോ. നജ്മയുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ജീവനക്കാരുടെ വീഴ്ച വെളിപ്പെടുത്തിയതിനെ തുടർന്ന് സസ്‌പെൻഷനിലായ നഴ്സിങ് ഓഫീസർ ജലജാ ദേവിയുടെ കോട്ടയം നീണ്ടൂരിലെ വീട്ടിലെത്തി അന്വേഷണസംഘം ഇന്നലെ മൊഴിയെടുത്തിരുന്നു.