Kerala Travel

സന്ദർശകരുടെ തിരക്ക്; പൊന്മുടിയിൽ നിയന്ത്രണം

സന്ദർശകരുടെ തിരക്ക് കാരണം പൊന്മുടിയിൽ നിയന്ത്രണം ഏർപ്പെടുത്തി പൊലീസും വനം വകുപ്പും. ഒക്ടോബർ മുതൽ അവധി ദിവസങ്ങളിൽ സന്ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് ആയിരിക്കും ഏർപ്പെടുത്തുക. തിരക്ക് വർധിച്ചത് അപകടങ്ങൾക്ക് കാരണമായെന്നാണ് ഔദ്യോഗിക വിലയിരുത്തൽ. അതുകൊണ്ടുതന്നെ ഒരുസമയം ആയിരം വാഹനങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം.

തിരക്ക് കൂടുന്നതിനാൽ പ്രദേശത്ത് കൊവിഡ് വ്യാപന ഭീതി പടർന്നിട്ടുണ്ട്. പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് പൊന്മുടിയെങ്കിലും യാത്ര വിതുര പഞ്ചായത്തിലൂടെയാണ്. വിതുരയിലെ എട്ട് വാർഡുകൾ കണ്ടെയ്ൻമെന്റ് സോൺ പരിധിയിലാണ്. തീവ്ര രോഗ വ്യാപന ഭീഷണി നിലനിൽക്കുന്ന വിതുരയിൽ പുറത്ത് നിന്ന് കൂടുതൽ പേരെത്തുന്നത് ഭീതി വർധിപ്പിച്ചിട്ടുണ്ട്.

സന്ദർശകർ കൂടുന്നതിനാൽ ആനപ്പാറ– കല്ലാർ– ചെക്പോസ്റ്റ് റൂട്ടിൽ ഗതാഗത തടസ്സം പതിവാണ്. രണ്ടാം തരംഗം കുറഞ്ഞതിനെ തുടർന്ന് പൊന്മുടി തുറക്കുന്നതിനെ സംബന്ധിച്ച ആരോപണം വന്നപ്പോൾ നിയന്ത്രിതമായ അളവിൽ സഞ്ചാരികളെ കയറ്റുമെന്നായിരുന്നു ആദ്യം അധികൃതർ അറിയിച്ചിരുന്നത്. അതിനായി ഓൺലൈൻ ബുക്കിംഗ് സംവിധാനം കൊണ്ടു വരുമെന്നും അറിയിച്ചിരുന്നു.