Entertainment India Kerala

‘ആണത്തമുള്ളൊരു മനുഷ്യന്‍റെ കൂടെ വേദി പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’ കുറിപ്പുമായി ഹരീഷ് പേരടി

തമിഴ് സൂപ്പര്‍ താരം വിജയ്‌ക്കെതിരെയുള്ള ആദായ നികുതി റെയ്ഡില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. ആണത്തമുള്ള ഒരു മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു.

വിജയ്-അറ്റ്‌ലി ചിത്രമായ മര്‍സലില്‍ ഡോ.അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തെ ഹരീഷ് അവതരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ സിനിമയിലെ സംഭാഷണങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ദീപാവലി സീസണില്‍ തീയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച കളക്ഷന്‍ റെക്കോര്‍ഡ് ഉണ്ടായിരുന്നു. ബിഗിലില്‍ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ച കണക്കുകളാണ് വിജയ്ക്ക് കുരുക്കായത്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിജയ്ക്കെതിരെയുള്ള പകപോക്കലാണ് ഈ റെയ്ഡെന്നാണ് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെയുള്ള ആരോപണം. ഇതിനോടകം നിരവധി പേരാണ് വിജയ്ക്കെതിരായ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ എന്ന ഹാഷ്ടാഗും സോഷ്യല്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.