India Kerala

ഒരു വിശദീകരണവും തൃപ്തിപ്പെടുത്തില്ല, ചെയ്തത് നിയമവിരുദ്ധം; സര്‍ക്കാരിനെതിരെ വീണ്ടും ഗവര്‍ണര്‍

സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനാ തത്വങ്ങളെ അട്ടിമറിക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാരിന്റേതായ ഒരു വിശദികരണവും തൃപ്തിപ്പെടുത്തില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. തന്നെ അറിയിക്കാതെ കോടതിയില്‍ പോയത് നിയമ വിരുദ്ധം തന്നെയാണ്. തന്നെ അറിയിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നുവെന്നും ഗവര്‍ണര്‍ പറയുന്നു.

നിയമം ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല. താനും സര്‍ക്കാരും തമ്മിലുള്ള പ്രശ്നമെന്ന രീതിയില്‍ ഈ പ്രശ്നത്തെ ചിത്രീകരിക്കരുത്. നിയമങ്ങളും ചട്ടങ്ങളും ആരും മറികടക്കരുത്. നിയമസഭ തന്നെ പാസാക്കിയ ചട്ടം മറികടന്നാണ് പ്രമേയം പാസാക്കിയതെന്നും അത് തന്നെ നിയമവിരുദ്ധമാണെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു. ചീഫ് സെക്രട്ടറിയുമായി നടന്ന ചര്‍ച്ച എന്തെന്ന് മാധ്യമങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നില്ല. തന്നെ അറിയിക്കാതെ കോടതിയെ സമീപിച്ചത് നിയമവിരുദ്ധമാണെന്ന നിലപാടിലുറച്ച് നില്‍ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയെ ഗവര്‍ണര്‍ പേരെടുത്ത് വിമര്‍ശിച്ചു. ഭരണഘടനാ ബാധ്യത നിറവേറ്റാന്‍ ആളില്ലാത്ത സാഹചര്യം വരുമെന്നും ആ സാഹചര്യമാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും ഗവര്‍ണര്‍.