Kerala

‘നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തം’: ജി. ഗോമതി

‘വിമാനദുരന്തത്തിലേതുപോലെ പെട്ടിമുടിയില്‍ മരിച്ചതും മനുഷ്യരാണ്. ഞങ്ങളുടെ ജീവനുപോലും രണ്ടാം തരം വിലയാണ് സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്’

രാവിലെ നിങ്ങള്‍ ഊതിയാറ്റി കുടിക്കുന്ന ചായ ഞങ്ങളുടെ രക്തമാണ്. തോട്ടം തൊഴിലാളിയുടെ രക്തമാണ് ചായയുടെ നിറമെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ജി. ഗോമതി. ‘ടാറ്റയുടെ നിയമവിരുദ്ധ സാമ്രാജ്യവും തൊഴിലാളികളുടെ കൂട്ടക്കുരുതിയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘ഞങ്ങളുടെ ഈ കഷ്ടപ്പാട് നിങ്ങളാരും അറിയുന്നില്ല, ഇവിടെ മനുഷ്യന്‍ മരിച്ചുവീഴുന്നത് കാണുന്നില്ലേ. പെട്ടിമുടിയില്‍ നല്ല റോഡില്ല, ഭയങ്കര കുന്നുകള്‍, ഭയങ്കര മഴ, നിറയെ അട്ടകള്‍, ഭയങ്കര തണുപ്പ്. രാവിലെ എട്ടുമുതല്‍ തോട്ടത്തില്‍ നില്‍ക്കണം, കൊടുതണുപ്പില്‍ മഴയെല്ലാം നനഞ്ഞ്. കാലില്‍ കടിക്കുന്ന അട്ടകള്‍ക്ക് രക്തം കൊടുത്താണ് പണി ചെയ്യുന്നത്. നല്ല സ്കൂളില്ല, ആശുപത്രിയില്ല, മക്കള്‍ക്ക് നല്ല ജോലിയില്ല, കുടുബത്തിലെ എല്ലാവരും ഒറ്റമുറി വീട്ടില്‍ കഴിയുന്നു. നൂറുവര്‍ഷം പഴക്കമുള്ള വീട്ടില്‍ ഞങ്ങള്‍ ഇത്രപേരും എങ്ങനെ കഴിയുന്നുവെന്ന് കമ്പനിക്കുപോലും അറിയില്ല. അഞ്ച് വര്‍ഷം മുമ്പ് നടന്ന സമരത്തിനപ്പുറം രാഷ്ട്രീയം ഞങ്ങള്‍ക്കറിയില്ല. ഞങ്ങളുടെ ഒരുമയെ തകര്‍ത്തതും രാഷ്ട്രീയക്കാരാണ്, അവര്‍ക്ക് ഇനി ഞങ്ങള്‍ക്കിടയില്‍ ഇടമില്ല’; ഗോമതി പറഞ്ഞു. ഇന്നലെ മുന്നാറിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഗോമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. തോട്ടം തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുക, പട്ടയം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഗോമതി ഇന്നലെ കുത്തിയിരുപ്പ് പ്രതിഷേധം സംഘടിപ്പിച്ചത്.

‘വിമാനദുരന്തത്തിലേതുപോലെ പെട്ടിമുടിയില്‍ മരിച്ചതും മനുഷ്യരാണ്. ഞങ്ങളുടെ ജീവനുപോലും രണ്ടാം തരം വിലയാണ് സര്‍ക്കാര്‍ കല്‍പ്പിക്കുന്നത്. സമരം നടത്തിയപ്പോള്‍ തോട്ടം തൊഴിലാളിക്ക് സര്‍ക്കാര്‍ എന്തെല്ലാം വാഗ്ദാനം നല്‍കിയിരുന്നു. എല്ലാം വാഗ്ദാനത്തിലൊതുങ്ങി’; ഗോമതി പറഞ്ഞു.