Kerala

33 രൂപ വരെ വർധിപ്പിച്ചാണ് 5 രൂപ കുറച്ചത്; കേന്ദ്രം എക്സൈസ് നികുതി കുറച്ചത് മുഖം രക്ഷിക്കാൻ: ധനമന്ത്രി

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചതിന് പിന്നാലെ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വലിയ തോതിൽ പ്രതിഷേധം വന്നപ്പോൾ മുഖം രക്ഷിക്കാൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പെട്രോൾ ഡീസൽ വില കുറച്ചതെന്ന് അദ്ദേഹം പറഞ്ഞു. 33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ കേന്ദ്രം 5 രൂപ കുറച്ചിരിക്കുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. പെട്രോളിനും ഡീസലിനും മേലുള്ള സംസ്ഥാന നികുതി കഴിഞ്ഞ ആറു വർഷമായി ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻറുകൾ വർധിപ്പിച്ചിട്ടില്ല. മാത്രമല്ല ഇക്കാലയളവിൽ ഒരു തവണ നികുതി കുറയ്ക്കുകയും ചെയ്തു. നിലവിലുള്ള കേന്ദ്ര നികുതിക്കു പുറമെ പ്രത്യേക നികുതിയായും സെസ് ആയും കേന്ദ്രം വസൂലാക്കിക്കൊണ്ടിരുന്ന മുപ്പതിലധികം രൂപ ഓരോ ലിറ്റർ ഡീസൽ നിന്നും പെട്രോളിൽ നിന്നും അടിയന്തരമായി കുറവ് ചെയ്ത് ജനങ്ങളെ സഹായിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.