India Kerala

സ്ഥാനാർത്ഥിപ്പട്ടികയെ ചൊല്ലി ബി.ജെ.പിയിൽ കലഹം

തെരഞ്ഞെടുപ്പ് സമിതി ചേരാതെ സ്ഥാനാർഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് നൽകിയത് സംബന്ധിച്ച് ബി.ജെ.പിയിൽ കലഹം. സ്ഥാനാർത്ഥിപ്പട്ടിക ഏകപക്ഷീയമായി തയ്യാറാക്കിയെന്നാരോപിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ മറുവിഭാഗങ്ങൾ പരാതി നൽകി. മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കളാണ് പിള്ളക്കെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയത്. അതേസമയം സീറ്റ് ധാരണയിലെത്താതെ ബി.ജെ.പി പട്ടിക പ്രഖ്യാപിച്ചതിൽ ബി.ഡി.ജെ.എസ് അതൃപ്തി അറിയിച്ചു.

തെരഞ്ഞടുപ്പ് സമിതി ചേരുകയോ മതിയായ ചർച്ചകൾ നടത്തുകയോ ചെയ്യാതെയാണ് സംസ്ഥാന പ്രസിഡന്റ് പട്ടിക തയ്യാറാക്കിയതെന്നാണ് പരാതി. ഇതാണ് ബി.ജെ.പിയിൽ പുതിയ കലഹത്തിന് കാരണം. കോർ കമ്മിറ്റിയിൽ വിശദമായ ചർച്ച ഉണ്ടായില്ലെന്നും വി മുരളീധര പക്ഷത്തെയും കൃഷ്ണദാസ് പക്ഷത്തെയും നേതാക്കൾ പറയുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയ അഖിലേന്ത്യാ സംഘടനാ സെക്രട്ടറി രാംലാൽ നേതാക്കളുമായി ആശയ വിനിമയം നടത്തിയതല്ലാതെ കാര്യമായ ചർച്ച ഉണ്ടായില്ലെന്നും ഇവർ ചൂട്ടിക്കാട്ടുന്നു.

ദേശീയ ജനറൽ സെക്രട്ടറി മുരളീധര റാവുവിന്റെ നേതൃത്വത്തിൽ അടുത്ത ദിവസം ചേരുന്ന കോർ കമ്മിറ്റി യോഗത്തിലും സംസ്ഥാന അദ്ധ്യക്ഷനെതിരെ വിമർശനം ഉയരും. കൃഷ്ണദാസ് പക്ഷത്തോടുള്ള നേരത്തെയുണ്ടായിരുന്ന അടുപ്പം ഇപ്പോൾ പി.എസ് ശ്രീധരൻപിള്ളയ്ക്കില്ലാത്തത് പ്രസിഡന്റിന് തിരിച്ചടിയായി. മുരളീധര പക്ഷത്തെ കെ.സുരേന്ദ്രന്റെ പേര് അഞ്ച് മണ്ഡലങ്ങളിൽ പരിഗണിച്ചെങ്കിലും ഈ വിഭാഗം മെരുങ്ങിയിട്ടില്ല. ഇതിനിടയിൽ ഏതൊക്കെ സീറ്റെന്നും എത്ര സീറ്റെന്നും സംബന്ധിച്ച് ധാരണയിലെത്താതെയാണ് ബി.ജെ.പി നീങ്ങുന്നതെന്നാണ് പ്രധാന ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ പരാതി.