Entertainment Kerala

ലോക്ക്ഡൗണിന് ശേഷം സിനിമ മേഖലയും ഉണർന്നു

പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ സജീവമായി

ലോക്ക്ഡൗണിൽ ഇളവുകള്‍ വന്നതിന് പിന്നാലെ സിനിമമേഖലയും പതിയെ സജീവമാകുകയാണ്. പോസ്‍റ്റ് പ്രൊഡക്ഷന്‍ ജോലികളായ ഡബ്ബിങ്, എഡിറ്റിങ്ങ് തുടങ്ങിയവയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഒന്നരമാസം അടഞ്ഞ് കിടന്ന കൊച്ചിയിലെ സ്റ്റുഡിയോകള്‍ ഇപ്പോൾ തിരക്കിലാണ്. വെണ്ണലയിലെ മെഗാ മീഡിയയില്‍ ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങാണ് പുരേഗമിക്കുന്നത്.

വടംവലിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഈ മാസം റിലീസ് നിശ്ചയിച്ച് പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നപ്പോഴാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്. ഇളവുകൾ നിലവിൽ വന്നതോടെ എത്രയും വേഗം ജോലികൾ തീർത്ത് സിനിമ റിലീസിന് തയാറാക്കിവെക്കുകയാണ്. എന്ന് റിലീസ് ചെയ്യാനാകുമെന്ന ആശങ്കക്ക് വിരാമമായിട്ടില്ല. എങ്കിലും ഒരിടവേളക്ക് ശേഷം മേഖല സജീവമാകുന്ന സന്തോഷത്തിലാണ് സിനിമ പ്രവർത്തകർ.

ലോക്ക്ഡൌണിനുമുമ്പ് ഇരുപതിലധികം സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കാനിരുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്, ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക് തുടങ്ങിയ ബിഗ്ബജറ്റ് സിനിമകള്‍ 90 ശതമാനം ജോലികളും നേരത്തെ പൂര്‍ത്തിയായിരുന്നു. വരും ദിവസങ്ങളില്‍ ഈ സിനിമകളുടെ ജോലികളും പുനരാരംഭിക്കും.