India Kerala

വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന വിധി; അപ്പീല്‍ പോകാനുള്ള സാധ്യത തേടാനൊരുങ്ങി സര്‍ക്കാര്‍

സംസ്ഥാനത്ത് വിദ്യാഭ്യാസ ഘടനയില്‍ മാറ്റം വരുത്തണമെന്ന ഹൈക്കോടതി വിധി മറിക്കടക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. എ.ജിയുടെ നിയമോപദേശം തേടാനാണ് സര്‍ക്കാരിന്റെ തീരുമാനം. വിധി നടപ്പാക്കേണ്ടി വന്നാല്‍ അധ്യാപകരുടെ പുനര്‍വിന്യാസമടക്കം നിരവധി സങ്കീര്‍ണ്ണതകള്‍ ഉണ്ടാകുമെന്നത് കൊണ്ടാണ് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ സധ്യത തേടുന്നത്.

നിരവധി അധ്യാപക തസ്തിക വര്‍ദ്ധിക്കുകയും നഷ്ടപ്പെടുകയും ചെയ്യുന്ന സഹാചര്യവും അധ്യാപകരുടെ പുനര്‍വിന്യാസം ഉണ്ടാക്കുന്ന പ്രതിസന്ധിയും കണക്കിലെടുത്താണ് സര്‍ക്കാര്‍ ഹൈക്കോടതി വിധിയെ മറികടക്കാന്‍ ശ്രമിക്കുന്നത്. 25000ത്തില്‍ പരം അധ്യാപകരുടെ പുനര്‍വിന്യാസം സങ്കീര്‍ണതക്കൊപ്പം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. മാനേജ്മെന്റുകള്‍ക്ക് തീര്‍ത്തും അനുകൂലമാകുന്ന വിധിയാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രഥമിക നിഗമനം. സംസ്ഥാനത്തെ സാഹചര്യം മനസിലാക്കി വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതില്‍ ഇളവ് വേണമെന്നാകും സംസ്ഥാന സര്‍ക്കാരിന്റെ വാദം. വിദ്യാഭ്യാസ അവകാശ നിയമപ്രകാരം കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതില്‍ കേരളത്തിന്റെ വിദ്യാഭ്യാസ നയം ഇപ്പോള്‍ തന്നെ പര്യാപ്തമാണെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ അപ്പീല്‍ പോകുന്നതിന്റെ സാധ്യത തേടുന്നത്. ഇതിനായി എജിയുടെ നിയമോപദേശം തേടാനും സര്‍ക്കാര്‍ വിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തി. ഭരണ, പ്രതിപക്ഷ അധ്യാപക സംഘടനകളടക്കമുള്ളവര്‍ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന നിലപാടുള്ളവരാണ്. എ.ജിയുടെ നിയമോപദേശം ലഭിക്കുന്നത് അനുസരിച്ച് സുപ്രിം കോടതിയെ വേഗത്തില്‍ സമീപിക്കാനാണ് സര്‍ക്കാര്‍ നീക്കം.