Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണായി വിജയനുമായുമായി ചര്‍ച്ച നടക്കും. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം അനുവദിക്കണമെന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം. സിംഗിള്‍ ഡ്യൂട്ടി അടക്കമുള്ള വിഷയങ്ങളിലും ഇന്ന് ചര്‍ച്ചയുണ്ടാകും.

പലതവണ ചര്‍ച്ചകള്‍ നടന്നിട്ടും തൊഴിലാളികളുടെ ശമ്പള വിഷയത്തില്‍ മാത്രം ഇതുവരെ തീരുമാനമായില്ല. ഗതാഗത മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഉല്‍സവബത്തയും നല്‍കാന്‍ 103 കോടി രൂപ നല്‍കാന്‍ സര്‍ക്കാരിനോടു ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ശമ്പള വിതരണത്തിനു മുന്‍ഗണന നല്‍കണം എന്ന ജീവനക്കാരുടെ ആവശ്യം പരിഗണിച്ചാണ് കോടതി ഇടപെടല്‍. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നല്‍കുന്നതിന് 50 കോടി വീതവും ഉല്‍സവ ബത്ത നല്‍കുന്നതിനായി മൂന്നു കോടിയും നല്‍കണമെന്നു കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പണം നല്‍കാനാണ് കോടതി നിര്‍ദേശം.

സര്‍ക്കാര്‍ സഹായിക്കാതെ ജീവനക്കാര്‍ക്കു ശമ്പളം നല്‍കാനാവില്ലെന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു മാസങ്ങളിലെ ശമ്പളം നല്‍കാന്‍ പത്തു ദിവസത്തെ സമയം കൂടി അനുവദിക്കണം എന്ന ആവശ്യം സര്‍ക്കാര്‍ കോടതി മുമ്പാകെ സമര്‍ര്‍പ്പിച്ചു. ഇത് അംഗീകരിക്കാതിരുന്ന കോടതി തൊഴിലാളികളെ പട്ടിണിക്കിടാനാവില്ലെന്നും വ്യക്തമാക്കി. തുടര്‍ന്നാണ് 103 കോടി കെഎസ്ആര്‍ടിസിക്കു നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.