Kerala

മാവോയിസ്റ്റ് വേട്ടക്കെതിരെ സി.പി.ഐ; നടപടി അപരിഷ്കൃതം, സി.പി.ഐ കൗണ്‍സില്‍ പ്രമേയം പാസാക്കി

മാവോയിസ്റ്റ് ഏറ്റുമുട്ടലിന്‍റെ പേരില്‍ ഒരാളെ വെടിവെച്ച് കൊന്നത് അപരിഷ്കൃത നടപടിയെന്ന് സി.പി.ഐ. മാവേയിസ്റ്റ് വേട്ടക്കെതിരെ സി.പി.ഐ കൌണ്‍സില്‍ പ്രമേയം പാസാക്കി. നവംബര്‍ രണ്ടാം തിയതിയാണ് വയനാട്ടിലെ പടിഞ്ഞാറത്തറ കൊയ്ത്തുപാറയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്.

വാളാരംകുന്നിലെ ആദിവാസി കോളനിയോട് ചേര്‍ന്നുള്ള ഭാഗത്തായിരുന്നു ഏറ്റുമുട്ടല്‍.തമിഴ്നാട് തേനി സ്വദേശിയായ 35 വയസുള്ള വേല്‍മുരുകനാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ക്യു ബ്രാഞ്ചാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വേൽമുരുകന്‍റെ മൃതദേഹം ഇന്ന് സംസ്കരിച്ചു.

ജന്മനാടായ തമിഴ്നാട്ടിലെ തേനിയിലായിരുന്നു സംസ്കാരം. ഏറ്റമുട്ടല്‍ കൊലപാതകക്കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.കൊലപാതകം വ്യാജ ഏറ്റുമുട്ടൽ ആണെന്ന സംശയം ബലപ്പെട്ടതായി രമേശ് ചെന്നിത്തല പറഞ്ഞു.

തമിഴ്നാട്ടിൽ തേനിക്കടുത്ത് പെരിയകുളം പുതുക്കോട്ടയിലെ അണ്ണാ നഗറിലാണ് വേൽ മുരുകന്‍റെ സംസ്കാരം നടന്നത്. സംസ്കാര ചടങ്ങുകളിൽ നൂറുകണക്കിന് ഗ്രാമീണർ പങ്കെടുത്തു. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് തണ്ടർബോൾട്ട് വേൽ മുരുകനെ കൊന്നു കളഞ്ഞതെന്ന് കുറ്റപ്പെടുത്തിയ കുടുംബം മദ്രാസ് മധുരൈ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലാണെന്ന സംശയം ബലപ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന പന്തിപ്പൊയിൽ വനമേഖലയിൽ നിന്ന് അന്വേഷണ സംഘം രക്ത സാമ്പിളുകൾ ശേഖരിച്ചു. രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ഉള്ള തിരച്ചിൽ തണ്ടർബോൾട്ട് തുടരുകയാണ് . തമിഴ്നാട് കർണാടക വനാതിർത്തികളിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചേക്കും.