Gulf Kerala

കൊവിഡ് യാത്ര വിലക്ക്; തിരിച്ചുപോകാനാകാത്ത പ്രവാസികളില്‍ ഗള്‍ഫിലെ സര്‍ക്കാര്‍ ജീവനക്കാരും

മടക്കയാത്ര സാധ്യമാകാതെ നാട്ടില്‍ കുടുങ്ങിയ പ്രവാസികളില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരും. ഇന്ത്യക്കാര്‍ക്ക് ഇന്ന് മുതല്‍ ദുബായില്‍ പ്രവേശനം അനുവദിച്ചെങ്കിലും രണ്ട് ഡോസ് വാക്‌സിന്‍ എടുക്കണമെന്ന നിബന്ധന വീണ്ടും തിരിച്ചടിയായി. അവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഇവരുടെ തിരികെപ്പോക്ക് അനിശ്ചിതത്വത്തിലാണ്.

അതിരമ്പുഴ സ്വദേശി റെജി സെബാസ്റ്റ്യന്‍ ദുബായില്‍ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ജീവനക്കാരനാണ്. രണ്ട് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ റെജിക്ക് മേയ് 1ന് ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നു. വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതും ലോക്ക് ഡൗണും പ്രതിസന്ധിയായതോടെ ഇതുവരെ തിരികെ പോകാനായില്ല. സ്പുട്‌നിക് വാക്‌സിന്‍ ആദ്യ ഡോസ് മാത്രമെടുത്ത റെജി സെബാസ്റ്റ്യന് ഇന്ന് മുതല്‍ ദുബായില്‍ പ്രാബല്യത്തിലുള്ള പ്രവേശന ഇളവ് ലഭ്യമാകില്ല. നാട്ടില്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കുക എന്നതും പ്രായോഗികമല്ല

റെജി ഇപ്പോള്‍ രണ്ട് വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പോകാന്‍ സാധിക്കുന്നത്. അവിടുന്ന് ഒരു ഡോസ് മാത്രമെടുത്ത് നാട്ടില്‍ വന്നവര്‍ക്ക് എന്ത് ചെയ്യാനാകും എന്ന് അറിയില്ല. അവിടുത്തെ സര്‍ക്കാരിന്റെ തീരുമാനം അറിയണമെന്നും റെജി പറയുന്നത്. അവധിക്ക് ശേഷം ജോലിയില്‍ പ്രവേശിക്കാത്തത് മൂലം വേതനവും മുടങ്ങും. ദുബായിലും നാട്ടിലും ലോണുകള്‍ ഉള്ള റെജിക്ക് ഓരോ ദിനം പിന്നിടുമ്പോഴും ആശങ്ക ഇരട്ടിയാവുകയാണ്.