Kerala

പ്രിസൈഡിംഗ് ഓഫീസർക്ക് എതിരെ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാൽ കടുത്ത നടപടി സ്വീകരിക്കും; അതിജീവതയ്ക്ക് കോടതിയുടെ വിമർശനം

പ്രിസൈഡിംഗ് ഓഫീസർക്ക് എതിരെയുള്ള ആരോപണങ്ങളിൽ അതിജീവതയ്ക്ക് കോടതിയുടെ വിമർശനം. പ്രിസൈഡിംഗ് ഓഫിസർക്ക് എതിരെയുള്ള ആരോപണങ്ങളുടെ അടിസ്ഥാനം എന്തെന്ന് ഹൈക്കോടതി ചോദിച്ചു. പ്രോസിക്യൂഷൻ നൽകിയ വിവരങ്ങളാണ് ആരോപണങ്ങളുടെ കാരണമെന്ന് അതിജീവിത വ്യക്തമാക്കി. അന്വേഷണ സംഘം വിവരങ്ങൾ നിങ്ങൾക്ക് ചോർത്തി തരുന്നുണ്ടോയെന്ന് അതിജീവതയുടെ അഭിഭാഷകയോട് കോടതി ചോദിച്ചു. പ്രിസൈഡിംഗ് ഓഫീസർക്ക് എതിരെ അടിസ്ഥാനമില്ലാതെ ആരോപണം ഉന്നയിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്നും ഹൈക്കോടതി അതിജീവതയ്ക്ക് താക്കീത് നൽകി.
തുടരന്വേഷണത്തിന്റെ കുറ്റപത്രം പരിശോധിച്ച ശേഷം ഹർജി പിൻവലിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും അതിജീവത ഹൈക്കോടതിയെ അറിയിച്ചു. അതിജീവിതയുടെ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റി.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം ഇന്ന് സമർപിക്കും. ദിലീപിന്റെ സുഹൃത്തായ ശരത്തിനെ പ്രതി ചേർത്തുള്ള കുറ്റപത്രം അങ്കമാലി മജിസ്‌ടേറ്റ് കോടതിയിലാണ് സമർപ്പിക്കുക. തുടരന്വോഷണ റിപോർട്ട് വിചാരണ കോടതിക്കും കൈമാറും.

കേസിലെ എട്ടാം പ്രതി ദിലീപിനെതിരെ ഡിജിറ്റൽ തെളിവുകൾ ഒളിപ്പിച്ചതിനും, നശിപ്പിച്ചതിനുമുള്ള കുറ്റങ്ങൾ ചുമത്തിയാകും ക്രൈംബ്രാഞ്ച് തുടരന്വേഷണ റിപോർട്ട് സമർപ്പിക്കുക. ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ഇന്ത്യൻ ശിക്ഷാ നിയമം 201-ാം വകുപ്പു പ്രകാരം പത്തുവർഷം വരെ തടവ് ശിക്ഷ ലഭിക്കാം.

അനുബന്ധ കുറ്റപത്രത്തിൽ ദിലീപിൻറെ സുഹൃത്തും വ്യവസായിയുമായ ശരത്ത് പതിനൊന്നാം പ്രതിയാണ്. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ശരത്ത് വഴി 2017 നവംബർ മാസത്തിൽ ദിലീപിൻറെ പക്കൽ എത്തി . ദൃശ്യങ്ങൾ നശിപ്പിക്കാനും മനപൂർവം മറച്ചുപിടിക്കാനും ശരത്ത് ശ്രമിച്ചു. ഇതിൻറെ പേരിലാണ് ശരത്തിനെ പ്രതി ചേർത്തിരിക്കുന്നത്. കാവ്യ മാധാവൻ, മഞ്ജു വാര്യർ , സിദ്ദീഖ് , ദിലീപിൻറെ സഹോദരൻ, സഹോദരി ഭർത്താവ് തുടങ്ങി തൊണ്ണൂറിലധികം സാക്ഷികളുണ്ട്. തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ നിർത്തി വെച്ചിരിക്കുന്ന വിചാരണ ഉടൻ പുനരാരംഭിക്കാനുമാണ് സാധ്യത.