Kerala

‘ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണ്’; അധമരാഷ്ട്രീയം തിരിച്ചറിയണമെന്ന് എസ്എഫ്‌ഐ

ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. കോണ്‍ഗ്രസിന്റെ അധമ രാഷ്ട്രീയം തിരിച്ചറിയണം. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിന്റെ മറവില്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനായി ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും എസ്എഫ്‌ഐ പ്രതികരിച്ചു.

പൊതുസമൂഹത്തെ വഞ്ചിച്ച് കലാപം സൃഷ്ടിക്കാന്‍ തയ്യാറായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നെറികേടില്‍ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും വിദ്യാര്‍ത്ഥി സംഘടന വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ പകപോക്കലിന് രാഷ്ട്രപിതാവിനെ കരുവാക്കുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ഗോഡ്‌സെ കൊലചെയ്ത ഗാന്ധിയെ വീണ്ടും വീണ്ടും കൊലചെയ്യുകയാണ് കോണ്‍ഗ്രസെന്നും എസ്എഫ്‌ഐ പ്രതികരിച്ചു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന പൊലീസ് കണ്ടെത്തല്‍ വിവാദമായിരിക്കുകയാണ്. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഓഫീസ് ആക്രമണത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും കല്‍പ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു. പൊലീസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വായിച്ചിരുന്നു.