Kerala

‘മുഖ്യമന്ത്രിയോട് പൂര്‍ണ ആദരവ്; എതിരായി ഒന്നും പറയാനില്ല’; ചാണ്ടി ഉമ്മന്‍

കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണ ആദരവാണ് പിണറായി വിജയനോടെന്ന് പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി എന്ന നിലയിലാണ് അദ്ദേഹം മണ്ഡലത്തില്‍ വരുന്നതിനെ കാണുന്നത്. അതിലൊരു രാഷ്ട്രീയവുമില്ല. പുതുപ്പള്ളിയില്‍ വന്ന് എന്ത് പറയും പറയാതിരിക്കും എന്നതൊക്കെ അദ്ദേഹത്തിന്റെ തീരുമാനമാണ്. മറ്റുള്ളവരെ പറ്റി ചിന്തിക്കുകയല്ല, തങ്ങളുടെതായ രീതിയിലാണ് യുഡിഎഫ് പ്രചരണം നടത്തുന്നത് എന്നും ചാണ്ടി ഉമ്മന്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇന്ന് എ കെ ആന്റണിയും ശശി തരൂരും കൂടി എത്തുന്നതോടെ പ്രചരണം കൂടുതള്‍ ശക്തിപ്രാപിക്കും. ഡി കെ ശിവകുമാര്‍ നാളത്തെ മീറ്റിംഗ് മാറ്റിവയ്ക്കുകയാണെങ്കില്‍ അദ്ദേഹം കൂടി പുതുപ്പള്ളിയിലെത്തുമെന്നും ചാണ്ടി ഉമ്മന്‍ 24നോട് പറഞ്ഞു.

പുതുപ്പള്ളിയില്‍ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി മൂന്ന് നാള്‍ മാത്രമാണ് അവശേഷിക്കുന്നത്. താരപ്രചാരകരെ മുഴുവന്‍ കളത്തിലിറക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. ഇടവേളയ്ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ ഇന്ന് മുതല്‍ വാഹന പര്യടനം പുനരാരംഭിച്ചു.