Entertainment HEAD LINES Uncategorized

കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം; ജയസൂര്യയ്ക്കും രാഷ്ട്രീയ അജണ്ടയുണ്ട്; പി പ്രസാദ്

നടൻ ജയസൂര്യയെയും കൃഷ്ണപ്രസാദിനേയും വിമർശിച്ച് കൃഷിമന്ത്രി പി പ്രസാദ്. ഇരുവർക്കും രാഷ്ട്രീയ അജണ്ടയുണ്ടെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.ലോണിൻെറ പലിശ നൽകുന്നത് സർക്കാർ. കൃഷ്ണപ്രസാദ്‌ തെറ്റിദ്ധരിപ്പിക്കുന്നു. ആസൂത്രിത തിരക്കഥ എന്ന് വ്യക്തമായി. (P Prasad Against Jayasurya and Krishnaprasad)

ജയസൂര്യ തിരക്കഥയുടെ ഭാഗമായി. കൃഷ്ണപ്രസാദിന് സംഘപരിവാർ രാഷ്ട്രീയ പശ്ചാത്തലം ഉണ്ട്. കൃഷണപ്രസാദ്‌ മാസങ്ങൾക്ക് മുമ്പ് പണം കൈപ്പറ്റി തെറ്റായ പ്രചാരണം നടത്തിയെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൃഷി മന്ത്രി പി.പ്രസാദ്, വ്യവസായ മന്ത്രി പി.രാജീവ് എന്നിവർ വേദിയിലിരിക്കെ, സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ വിമർശനമുന്നയിച്ചത് . കർഷകർ നേരിടുന്ന ദുരനുഭവങ്ങൾ വിവരിച്ചാണ് ജയസൂര്യ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

നെല്ലു കൊടുത്തിട്ടും സപ്ലൈകോ പണം നൽകാത്തതിനെ തുടർന്ന് തിരുവോണ നാളിലും ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്നങ്ങള്‍ അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു താരത്തിന്റെ വിമര്‍ശനം.

ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണു തന്നെക്കൊണ്ട് ഇതു പറയിപ്പിച്ചതെന്നും ജയസൂര്യ വ്യക്തമാക്കി. കളമശേരി കാർഷികോത്സവ വേദിയിലെ നടന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.