Kerala

‘പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തത്’; സിപിഐയിലെ പ്രായപരിധിക്കെതിരെ സി.ദിവാകരന്‍

സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്‌സിക്യുട്ടീവ് അംഗം സി ദിവാകരന്‍. മാര്‍ക്‌സിസം മാറ്റത്തിന് വിധേയാണ്. സ്വാഭാവികമായും സിപിഐ നേതൃത്വത്തിലും മാറ്റങ്ങള്‍ വരുമെന്ന് സി ദിവാകരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കാനുള്ള തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഭരണഘടനയില്‍ ഇല്ലാത്തതാണ് ഈ നിര്‍ദേശം. ഇങ്ങനെയൊരു തീരുമാനം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സി ദിവാകരന്‍ പ്രതികരിച്ചു.

പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും ഇന്നലെ രംഗത്തെത്തിയിരുന്നു. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് കടന്നുവരണമെന്നില്ലെന്നും കെ ഇ ഇസ്മായില്‍ ട്വന്റിഫോറിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

സിപിഐ സംസ്ഥാന സമ്മേളനത്തില്‍ ഭൂരിഭാഗം പേരും പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ക്കുമെന്നും കെ ഇ ഇസ്മായില്‍ വ്യക്തമാക്കി. പ്രായപരിധി നിശ്ചയിക്കുന്നതിന് മുന്‍പും അര്‍ഹരായ യുവാക്കള്‍ക്ക് അവസരം നല്‍കിയിട്ടുണ്ട്. ജനങ്ങള്‍ക്കും നാടിനും വേണ്ടിയും പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരെ പ്രമോട്ട് ചെയ്യുന്ന പാര്‍ട്ടിയാണിത്. ഈ വരുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച് ഭേദഗതി കൊണ്ടുവന്നാലേ അംഗീകരിക്കപ്പെടുകയുള്ളൂ.

75 വയസ് എന്ന പ്രായപരിധിയാണ് സിപിഐയില്‍ കാനം രാജേന്ദ്രന്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍ ഈ പരിധി തീരുമാനിച്ചാല്‍ കെ ഇ ഇസ്മായിലും സി ദിവാകരനും സംസ്ഥാന കൗണ്‍സിലില്‍ നിന്ന് പുറത്താകും. കെ ഇ ഇസ്മായിലിന് ദേശീയ നിര്‍വാഹക സമിതി അംഗത്വവും നഷ്ടമാകും. ജില്ലാ സെക്രട്ടറിമാരുടെ പ്രായപരിധി 65 ആക്കാനും നീക്കമുണ്ട്.