Kerala

ശത്രുവിന്റെ വെടിയേൽക്കാത്ത വാഹനങ്ങൾ; ബുളറ്റ് പ്രൂഫ് വാഹനങ്ങളുടെ മാതൃക നിര്‍മിച്ച് സജീവന്‍

ബുളറ്റ് പ്രൂഫ് വാഹനങ്ങളുടെ മാതൃക നിര്‍മിച്ച് പഴഞ്ഞി അയ്നൂർ സ്വദേശി കോടത്തൂര്‍ വീട്ടില്‍ സജീവന്‍. 18 വര്‍ഷം യുഎഇയില്‍ ബുളറ്റ് പ്രൂഫ് വാഹന നിര്‍മാണ കമ്പിനിയില്‍ ജോലി ചെയ്ത സജീവന്‍ അയ്നൂരിലാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കാനുള്ള കേരളത്തിലെ ആദ്യത്തെ കമ്പിനി നിര്‍മിക്കുന്നത്. ആദ്യഘട്ടത്തില്‍ നിര്‍മിച്ച വാഹനത്തിന്റെ മാതൃക ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം മാറ്റി നിര്‍മിച്ച് നല്‍കും.

മിലിട്ടറി, പൊലീസ്, വിവിഐപികള്‍ എന്നിവരുടെ സുരക്ഷയ്ക്കാണ് ഇത്തരം വാഹനങ്ങള്‍ നിര്‍മിക്കുന്നത്. ശത്രുക്കള്‍ തോക്കുകള്‍ ഉപയോഗിച്ച് വെടിവെച്ചാലും ബുളറ്റുകള്‍ വാഹനത്തിന് അകത്തേക്ക് എത്തില്ല. സാധാരണ കൈ തോക്ക് മുതല്‍ എ.കെ.47 തോക്കുകള്‍ വരെയുള്ളവയില്‍ നിന്നുള്ള ബുളറ്റുകള്‍ വരെ ചെറുക്കാന്‍ കഴിയും. വാഹനത്തിന്റെ അകത്ത് നിന്ന് പുറത്തേക്ക് വെടി വെക്കാനുള്ള സൗകര്യവും ഉണ്ട്. വാഹനത്തിന്റെ മുകള്‍ഭാഗം തുറന്ന് ശത്രുക്കളെ ആക്രമിക്കാനും കഴിയും.

35 ദിവസമെടുത്താണ് ഈ വാഹനത്തിന്റെ മാതൃക നിര്‍മിച്ചത്. വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഇത്തരം വാഹനങ്ങള്‍ വ്യക്തികള്‍ ഉപയോഗിക്കാറുണ്ടെന്ന് സജീവന്‍ പറഞ്ഞു . എന്നാല്‍ ഇന്ത്യയില്‍ ഇത്തരം വാഹനങ്ങള്‍ റോഡില്‍ ഓടിക്കാന്‍ പ്രത്യേക അനുമതി വേണം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് മേധാവികള്‍ വാഹനത്തെ പറ്റി അന്വേഷിക്കുന്നുണ്ട്. നിര്‍മാണത്തിനുള്ള അനുമതി ലഭിച്ചാല്‍ കൂടുതല്‍ വാഹനങ്ങള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് സജീവനും സംഘവും.