Kerala Latest news

ചുമരുകളില്‍ ബ്ലാക്ക്മാനെന്ന് എഴുതിവച്ച് ഭീതിവിതച്ച് അജ്ഞാതന്‍; സിസിടിവിയില്‍ ദൃശ്യം പതിഞ്ഞിട്ടും ആളെക്കിട്ടാതെ വലഞ്ഞ് നാട്ടുകാര്‍

കണ്ണൂരിലെ മലയോരത്ത് ഭീതി വിതയ്ക്കുന്ന രാത്രി യാത്രികനായ അജ്ഞാതനെ കണ്ടെത്താനാകാതെ പൊലീസും നാട്ടുകാരും. സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞെങ്കിലും നാട്ടുകാരുടെ ഉറക്കം കെടുത്തുന്ന അജ്ഞാതനെ പിടികൂടാനായിട്ടില്ല. ബ്ലാക്ക്മാനെന്ന് പല വീടുകളുടെയും ചുവരിലെഴുതിയ അജ്ഞാതനെ കണ്ടെത്താന്‍ പൊലീസും നാട്ടുകാരും പണിപ്പെടുകയാണ്.

കണ്ണൂരിലെ മലയോരത്ത് കഴിഞ്ഞ രണ്ടാഴ്ചയോളമായി ആശങ്ക വിതയ്ക്കുകയാണ് അജ്ഞാതനായ രാത്രി യാത്രികന്‍. നാട്ടുകാര്‍ മാത്രമല്ല ഈ അജ്ഞാതനും സ്വയം വിശേഷിപ്പിക്കുന്നത് ബ്ലാക്ക് മാന്‍ എന്നുതന്നെ. ചെറുപുഴയിലെ വീടുകളുടെ ചുമരില്‍ ചിത്രങ്ങള്‍ വരക്കുകയും ഇംഗ്ലീഷിലും മലയാളത്തിലും ബ്ലാക്ക് മാനെന്ന് എഴുതുകയും ചെയ്തു. ഇതിനിടെ അജ്ഞാതന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞു. എന്നാല്‍ ദൃശ്യങ്ങള്‍ വ്യക്തമല്ല. ഓരോ സ്ഥലത്തും പരിശോധന വര്‍ധിക്കുമ്പോള്‍ അജ്ഞാതന്‍ അടുത്ത സ്ഥലത്തേക്ക് മാറും.

തേര്‍ത്തല്ലി കോടോപ്പള്ളി മേഖലയില്‍ ആണ് ആദ്യം അജ്ഞാതന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും പിന്നീടത് ചെറുപുഴയിലായി. സംശയം തോന്നിയവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്‌തെങ്കിലും പിന്നീട് വിട്ടയച്ചു. അജ്ഞാതന്‍ രാത്രിയില്‍ പലയിടങ്ങളിലായി പ്രത്യക്ഷപ്പെടും വീടുകളുടെ ചുമരുകളില്‍ എഴുതും വാതിലുകളിലും ജനാലകളിലും മുട്ടി ഭയപ്പെടുത്തും. നാട്ടുകാരും പോലീസും തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പോലീസ് പലവഴികള്‍ നോക്കിയെങ്കിലും ബ്ലാക്ക് മാന്‍ കഥയിലെ വില്ലനെ തിരിച്ചറിയാനായിട്ടില്ല. മോഷണ പരാതി ഇതുവരെ ഇല്ല. ആസൂത്രിതമായി ഭീതി പരത്തുകയാണ് അജ്ഞാതന്റെ ലക്ഷ്യമെന്ന് വ്യക്തം. ബ്ലാക്മാനെ പൂട്ടാന്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിട്ടുണ്ടെങ്കിലും ബ്ലാക് മാന്‍ സഞ്ചാരം ചുരുളഴിയാത്ത രഹസ്യമായി തുടരുകയാണ്.