HEAD LINES Kerala

അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു, പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകും: എകെ ആന്റണി

തിരുവനന്തപുരം: ഉമ്മൻ ചാണ്ടി ഇല്ലാത്ത കോൺഗ്രസ് രാഷ്ട്രീയത്തോട് പൊരുത്തപ്പെടാനായിട്ടില്ലെന്ന് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവ് എകെ ആന്റണി. ഈ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിക്കാർ ഉമ്മൻ ചാണ്ടിയെ മറക്കില്ല. ഉമ്മൻ ചാണ്ടിയെ ഇല്ലാത്ത കളങ്കം ആരോപിച്ച് വേട്ടയാടിയത് പുതുപ്പള്ളി ഓർക്കും. അത് ശരിയോ തെറ്റോ എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുമെന്നും ആന്റണി പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് സ്ഥാനാർത്ഥിയായ ചാണ്ടി ഉമ്മൻ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ചു. ഇുവരും തമ്മിലുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എകെ ആന്റണി.

ആ കുടുബത്തെ ഉൻമൂലനം ചെയ്യാൻ നോക്കി. ചാണ്ടി ഉമ്മനെ തേജോവധം ചെയ്യാൻ നടത്തിയ നീക്കവും മറക്കില്ല. അപ്പന്റെ പിൻഗാമിയായി മകൻ എത്തുന്നു. പുതുപ്പള്ളിയിൽ അതിശയകരമായ ചരിത്ര വിജയമുണ്ടാകുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപള്ളിയിലേക്ക് പോകുമെന്നും എകെ ആന്റണി പറഞ്ഞു. അനുഗ്രഹം വാങ്ങിക്കാനാണ് ഇവിടെ വന്നതെന്ന് ചാണ്ടി ഉമ്മൻ പ്രതികരിച്ചു. മാതാപിതാക്കളെ പോലെയാണ് ആന്റണിയും ഭാര്യയുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അതേസമയം, പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടാനാണ് സിപിഎം തീരുമാനം. നിയമപരമായി നേരിടു മെന്ന് വിഎൻ വാസവൻ പറഞ്ഞു. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.മതവികാരം ഉണർത്തുന്ന ഒന്നും പ്രചാരണ പ്രവർത്തനങ്ങളിൽ പാടില്ല. അങ്ങനെയുണ്ടായാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും വാസവൻ കൂട്ടിച്ചേർത്തു.