India Kerala

ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ച്‌ സ്പീക്കര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തില്‍ ഗവര്‍ണര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് രേഖാമൂലം സ്പീക്കറെ എഴുതി അറിയിക്കണമെന്നാണ് ചട്ടമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഭരണഘടനയുടെ അനുച്ഛേദം 175 (2) ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ഭരണഘടന വിരുദ്ധമല്ല. എന്നാല്‍ നിയമസഭ പാസാക്കുന്ന ഏതെങ്കിലും ബില്ലിനെ കുറിച്ച്‌ അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ അത് സ്പീക്കറെയാണ് രേഖാമൂലം അറിയിക്കേണ്ടത്. ഇതുവരെയും തന്നെ ഇപ്രാകാരം എഴുതി അറിയിച്ചിട്ടില്ല. അതിനാല്‍ ഇപ്പോഴുണ്ടായ വിവാദങ്ങളില്‍ ചട്ടം ആദ്യം ലംഘിച്ചിരിക്കുന്നത് ഗവര്‍ണറാണെന്നും സ്പീക്കര്‍ തുറന്നടിച്ചു. കൗമുദി ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്‌ട്രൈറ്റ് ലൈന്‍ എന്ന അഭിമുഖ പരിപാടിയിലാണ് സ്പീക്കര്‍ തുറന്നടിച്ചിരിക്കുന്നത്.

നിയമസഭ പാസാക്കിയ പ്രമേയത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടിയെയും ഗവര്‍ണര്‍ വിമര്‍ശിച്ചിരുന്നു. തന്റെ അനുമതി തേടാതെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നാണ് ഗവര്‍ണര്‍ വിമര്‍ശനം ഉന്നയിച്ചത്. ബഡ്ജറ്റ് അവതരണത്തിന് മുന്നോടിയായി നിയമസഭ ചേരുവാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ സര്‍ക്കാരിന്റെ നയപ്രസംഗം നടത്തുവാനായി ഗവര്‍ണര്‍ നിയമ സഭയില്‍ എത്തേണ്ടതുണ്ട്. എന്നാല്‍ ഇതിന് മുന്നോടിയായി സ്പീക്കര്‍ ഗവര്‍ണര്‍ക്കെതിരെ തുറന്നടിച്ചത് വരു ദിവസങ്ങളില്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുമെന്ന് ഉറപ്പാണ്.