India Kerala

അച്ചന്‍കോവിലില്‍ ഉള്‍വനത്തിനുള്ളില്‍ കുടുങ്ങിയ 30 കുട്ടികളേയും അധ്യാപകരേയും പുറത്തെത്തിച്ചു; ആര്‍ക്കും ഗുരുതരആരോഗ്യപ്രശ്‌നങ്ങളില്ല

കൊല്ലം അച്ചന്‍കോവിലില്‍ ഉള്‍വനത്തിനുള്ളില്‍ കുടുങ്ങിയ 30 വിദ്യാര്‍ത്ഥികളെയും മൂന്ന് അധ്യാപകരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. നിര്‍ജലീകരണം ഒഴിച്ചാല്‍ കുട്ടികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. ഇന്നലെ രാത്രിയാണ് സ്‌കൗട്ട് സ്റ്റുഡന്റ്‌സ് സംഘം വനത്തില്‍ കുടുങ്ങിയത്. കോട്ടവാസലിലേക്ക് ഇന്നലെ രാത്രിയോടെ എത്തിച്ച വിദ്യാര്‍ത്ഥികളെ സ്വന്തം വീടുകളിലേക്ക് എത്തിച്ചു. പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ നിന്നും വിട്ടത്.

വനത്തിനുള്ളില്‍ കയറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതിയുണ്ടായിരുന്നില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. വനംവകുപ്പും പ്രദേശവാസികളും മണിക്കൂറുകളോളം നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലാണ് വിദ്യാര്‍ത്ഥികളെ സുരക്ഷിതരായി പുറത്തെത്തിച്ചത്.മൂന്നു ദിവസത്തെ അഡ്വഞ്ചര്‍ ട്രിപ്പിനും ക്യാമ്പിങ്ങിനും വേണ്ടിയാണ് ഇവര്‍ വനത്തില്‍ എത്തിയത്.

കൊല്ലം കരുനാഗപ്പള്ളിയിലെ ഒരു സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. ഉച്ചയോടുകൂടിയാണ് രണ്ടു ഗൈഡുമാരോടൊപ്പം ഉള്‍വനത്തിലേക്ക് പോയത്. ട്രക്കിങ്ങിനിടെ വഴി തെറ്റുകയായിരുന്നു. ഉള്‍വനത്തില്‍ നാലു കിലോമീറ്ററിനുള്ളില്‍വെച്ചാണ് ഇവരെ കണ്ടെത്തിയത്.

കുട്ടികള്‍ അവശരായ നിലയിലാണ് കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും റെയ്ഞ്ച് ഇല്ലാത്തതിനാല്‍ മറ്റാരുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. പുറത്തേക്കെത്താന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമം നടത്തിയിരുന്നെങ്കിലും വഴിയില്‍ ആനയെ കണ്ടതിനാല്‍ ഭയപ്പെട്ട് ഒരു പാറ പുറത്ത് അഭയം തേടുകയായിരുന്നു.