Kerala

നിര്‍ദ്ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കോവിഡ് പ്രതിസന്ധിക്കിടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്. പോളിംഗ് സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചു. ബൂത്തുകള്‍ ഇരട്ടിയാക്കി. പത്രിക സമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട് പേരും ഗൃഹ സന്ദർശന പ്രചരണത്തിന് 5 പേരെയുമായി പരിമിതപ്പെടുത്തി.

കോവിഡ് പ്രതിസന്ധിക്കിടെ തെരഞ്ഞെടുപ്പുകള്‍ പൂർത്തിയാക്കുക വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയാണ് കേന്ദ്ര തെരഞ്ഞെുപ്പ് കമ്മീഷന്‍റെ വാർത്ത സമ്മേളനം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനില്‍ അറോറ ആരംഭിച്ചത്.

ബിഹാർ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയതിന്‍റെ ആത്മവിശ്വാസം കമ്മീഷനുണ്ട്. കേരളമടക്കം നടക്കാനിരിക്കുന്ന 4 നിയമസഭ തെരഞ്ഞെടുപ്പുകളിലും പോളിംഗ് സമയം ഒരു മണിക്കൂർ നീട്ടി. രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയാണ് പോളിംഗ്.

ഒരു ബൂത്തില്‍ 1OOO പേർ എന്നനിലയിലാണ് വോട്ടെടുപ്പ്. അതിനാല്‍ കേരളത്തില്‍ പോളിങ് ബൂത്തുകള്‍ 40,771 ആയി വർധിപ്പിച്ചു. പോളിങ് ബൂത്തുകള്‍ കെട്ടിടത്തിന്‍റെ താഴത്തെ നിലയില്‍ തന്നെയാകണം. 80 വയസ്സിന് മുകളിലുള്ളവർക്ക് തപാൽ വോട്ട് അനുവദിക്കും. പത്രികാസമർപ്പണത്തിന് സ്ഥാനാർഥിക്കൊപ്പം രണ്ട് പേരെയെ അനുവദിക്കൂ.

വീടുകൾ കയറിയുള്ള പ്രചരണത്തിനും വാഹന റാലികളിലും അഞ്ച് പേരേ പാടുള്ളൂ. സ്ഥാനാർഥികൾ മൂന്ന് തവണ ക്രിമിനൽ പശ്ചാത്തലം പ്രസിദ്ധീകരിക്കണം. ഒരു മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 30.8 ലക്ഷം രൂപയാണ്.