Kerala

ഉറക്കെ നിലവിളിക്കാന്‍ പോലുമായില്ല, കണ്ടെത്തിയത് ഗുരുതര പരുക്കുകളോടെ; നിഹാലിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തില്‍ മരിച്ച പതിനൊന്നുകാരന്‍ നിഹാല്‍ നൗഷാദിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തലശേരി ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. വിദേശത്തുള്ള നിഹാലിന്റെ പിതാവ് വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

ഇന്നലെ വൈകുന്നരമാണ് നിഹാലിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചത്. ഭിന്നശേഷിക്കാരനായ നിഹാല്‍ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോള്‍ തെരുവ് നായകള്‍ കൂട്ടമായി ആക്രമിക്കുകയായിരുന്നു. അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് നാട്ടുകാര്‍ നിഹാലിനെ കണ്ടെത്തിയത്. വീടിന്റെ 300 മീറ്റര്‍ അകലെ ഗുരുതരമായ പരിക്കുകളോടെ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചിരുന്നു.

വീടിനടുത്തുള്ള കളിസ്ഥലത്തേക്ക് എത്തിയതായിരുന്നു നിഹാല്‍. ഇതിനിടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. മുഖത്തും ആഴത്തിലുള്ള മുറിവുകളുണ്ട്. കുട്ടിയെ ഏറെ നേരമായിട്ടും കാണാതായതോടെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. വൈകിട്ട് അഞ്ചരയോടെ കാണാതായ നിഹാലിനെ രാത്രി 8 45നാണ് കണ്ടെത്തിയത്.

സംസാരശേഷിയില്ലാത്ത കുട്ടിയായതിനാല്‍ ഉറക്കെ നിലവിളിക്കാന്‍ പോലും കുട്ടിക്കായില്ല. തെരുവുനായ ശല്യത്തിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ് നാട്ടുകാര്‍. ദാരുണ സംഭവമാണെന്നും എബിസി റൂള്‍ മാറ്റണമെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.