India Kerala

പ്രചരണം ഊര്‍ജ്ജിതമാക്കാതെ യു.ഡി.എഫ്; സീറ്റ് വിവാദം കേരള കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു

ജോസഫ് വിഭാഗത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വ്യക്തമാക്കുമ്പോഴും ആത്മവിശ്വാസക്കുറവാണ് മാണി ക്യാമ്പിൽ പ്രകടമാകുന്നത്. പ്രചരണരംഗത്ത് സജീവമാകാന്‍ മാണി നിര്‍ദ്ദേശം നല്കിയെങ്കിലും പരസ്യമായി വോട്ട് ചോദിച്ച് രംഗത്തിറങ്ങന്‍ തോമസ് ചാഴികാടന് സാധിച്ചിട്ടില്ല. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചരണം ഊര്‍ജ്ജിതമാക്കിയിട്ടും ചുവരെഴുത്തുകളിലേക്ക് മാത്രം ഒതുങ്ങുകയാണ് യു.ഡി.എഫ് ക്യാമ്പ്.

കണ്‍വെന്‍ഷനുകളടക്കം നടത്തി ഇടത് സ്ഥാനാര്‍ത്ഥി മുന്നോട്ട് പോവുകയാണ്. ഔദ്യോഗികമായി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും പി.സി തോമസും സജീവമായി വോട്ട് തേടല്‍ ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടും യു.ഡി.എഫ് ക്യാമ്പില്‍ കാര്യമായ പ്രവര്‍ത്തനം ഒന്നും നടന്നിട്ടില്ല. സീറ്റിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ തന്നെയാണ് ഇതിന് കാരണം. പി.ജെ ജോസഫ് സീറ്റിനായി നീക്കങ്ങള്‍ സജീവമാക്കിയത് തോമസ് ചാഴികാടന്റെ പ്രചരണങ്ങള്‍ ബാധിച്ചിട്ടുണ്ട്. ഇതുവരെ പരസ്യപ്രചരണത്തിലേക്ക് കടക്കാന്‍ തോമസ് ചാഴികാടന് സാധിച്ചിട്ടില്ല.

മാണിയുടെ അനുഗ്രഹം തേടി പ്രചരണം ആരംഭിച്ചെങ്കിലും പരസ്യമായി ഇറങ്ങി വോട്ട് തേടാന്‍ കഴിയാത്ത അവസ്ഥയിലാണ്. എന്നാല്‍ പ്രചരണത്തില്‍ മറ്റുള്ളവരുടെ ഒപ്പം തന്നെയുണ്ടെന്നാണ് തോമസ് ചാഴികാടന്‍ പറയുന്നത്. ഏതാനും ചുവരെഴുത്തുകളും പോസ്റ്ററുകളും മാത്രമാണ് തോമസ് ചാഴിക്കാടന്റെ പേരില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്ന് പറയുബോഴും പി.ജെ ജോസഫിന്റെ കാര്യത്തില്‍ തീരുമാനമാകുന്നത് വരെ പരസ്യപ്രചരണങ്ങള്‍ ആരംഭിക്കുന്നത് നീട്ടികൊണ്ടു പോകാനുള്ള ശ്രമമാണ് കേരള കോണ്‍ഗ്രസ് ശ്രമിക്കുന്നത്.