India National

കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്

രാഷ്ട്രീയ പ്രതിസന്ധിക്കിടെ കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വൈകിട്ട് ആറ് മണിക്ക് വോട്ടെടുപ്പ് നടത്തുമെന്ന് സ്പീക്കര്‍ സഭയെ അറിയിച്ചു. ഇന്നലെ രാത്രി ഏറെ വൈകിയാണ് സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ഇക്കാര്യം സഭയെ അറിയിച്ചത്. രാത്രി വൈകിയും വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ബി.ജെ.പി ഉന്നയിച്ചത്. എന്നാല്‍ ഭരണപക്ഷം ഇതിന് തയാറായിരുന്നില്ല. പിന്നീട് വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടത്താമെന്ന് അറിയിച്ച ശേഷം സഭ പിരിയുകയായിരുന്നു. അതേസമയം സഭയില്‍ ഹാജരാകില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വിമത എം.എല്‍.എമാര്‍.

അതേസമയം, വിശ്വാസ വോട്ടെടുപ്പ് നടത്താൻ നിർദേശിക്കണമെന്ന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് വാദം കേള്‍ക്കുക. രാജി സമര്‍പ്പിച്ച സ്വതന്ത്ര എം.എല്‍.എമാരായ എച്ച്. നാഗേഷും ആർ. ശങ്കറുമാണ് ഹര്‍ജിക്കാര്‍. സുപ്രീം കോടതിയുടെ ബുധനാഴ്ചത്തെ ഉത്തരവിൽ വ്യക്തത തേടി മുഖ്യമന്ത്രി കുമാര സ്വാമിയും കോണ്‍ഗ്രസ്സ് സംസ്ഥാന അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവുവും സമര്‍പ്പിച്ച ഹര്‍ജികള്‍ ഇതുവരെ കോടതി പരിഗണിക്കാന്‍‌ നിശ്ചയിച്ചിട്ടില്ല. ഈ ഹർജികളും ഇന്ന് അഭിഭാഷകർ ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തിയേക്കും.