India National

കര്‍ണാടകയില്‍ മൂന്നു കോണ്‍ഗ്രസ് എം.എല്‍.എമാരെ കാണ്മാനില്ല !

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കി എം.എല്‍.എമാര്‍. വിജയ്നഗര്‍ കോണ്‍ഗ്രസ് എം.എല്‍.എ രാജിവെച്ചു. മൂന്ന് എം.എല്‍.എമാരെ കാണാനില്ല. കോണ്‍ഗ്രസ് എം.എല്‍.എ രമേശ് ജര്‍ക്കിഹഹോളിയുടെ നേതൃത്വത്തില്‍ വിമതനീക്കം ശക്തമായ സാഹചര്യത്തിലാണ് പുതിയ സംഭവവികാസങ്ങള്‍.

ബെല്ലാരിയിലെ വിജയ്നഗറിൽ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിങാണ് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. മന്ത്രിസഭാ വികസനത്തില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പുതിയ നീക്കങ്ങള്‍. എം.എല്‍.എമാരായ ജെ.എന്‍. ഗണേഷ്, നാഗേന്ദ്ര, ബി.പി. പാട്ടീല്‍ എന്നിവരെയാണ് കാണാതായത്. ആദ്യം മുതല്‍ തന്നെ ബി.ജെ.പിയോട് അനുഭാവം പുലര്‍ത്തിയിരുന്ന എം.എല്‍.എമാരാണ് ഇവര്‍.

ഓപ്പറേഷന്‍ താമരയുടെ ഭാഗമായി കര്‍ണാടകയില്‍ ഭരണം പിടിക്കാന്‍ ബി.ജെ.പി ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് ഈ നീക്കങ്ങള്‍. കോണ്‍ഗ്രസിലെ വിമതന്‍ രമേശ് ജാര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ ഏഴ് എം.എല്‍.എമാര്‍ രാജിവെയ്ക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ സജീവമായ ഇടപെടല്‍ കാരണം താല്‍കാലികമായി പ്രശ്നങ്ങള്‍ അവസാനിച്ചു. എന്നാല്‍ രണ്ട് സ്വതന്ത്രര്‍ക്കു മാത്രം മന്ത്രിസ്ഥാനം നല്‍കി സഭ വികസിപ്പച്ചതോടെയാണ് മുതിര്‍ന്ന നേതാക്കള്‍ വീണ്ടും ഇടഞ്ഞത്.